പാകിസ്ഥാന്‍ സൂപ്പര്‍ താരം സിദ്ര അമീനിനെതിരെ നടപടിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. 2025 ഐ.സി.സി വനിതാ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ അച്ചടക്കലംഘനമുണ്ടായി എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഐ.സി.സിയുടെ നടപടി. ഇതോടെ താരത്തിന്റെ പേരില്‍ ഒരു ഡീമെറിറ്റ് പോയിന്റ് കുറിക്കപ്പെട്ടു.
കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിദ്ര അമീന്‍ ലെവല്‍ വണ്‍ കുറ്റം ചെയ്തുവെന്നാണ് ഐ.സി.സിയുടെ കണ്ടെത്തല്‍.
‘ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍, ജേഴ്‌സികള്‍, ഗ്രൗണ്ടിലെ മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ദുരുപയോഗം സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളുടെ ആര്‍ട്ടിക്കിള്‍ 2.2 സിദ്ര ലംഘിച്ചതായി കണ്ടെത്തി,’ ഐ.സി.സി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
മത്സരത്തിനിടെ സിദ്ര ചെയ്തതെന്ത്?
ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ നിരയില്‍ സിദ്ര അമീന്‍ മാത്രമായിരുന്നു ചെറുത്തുനിന്നത്. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് സിദ്ര പാകിസ്ഥാന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ബാറ്റ് വീശി.
പുറത്തായതിന് പിന്നാലെ ബാറ്റ് നിലത്തടിച്ചാണ് സിദ്ര തന്റെ നിരാശയും ദേഷ്യവും പ്രകടിപ്പിച്ചത്. ഇതാണ് താരത്തിന് ശിക്ഷയിലേക്കുള്ള വഴിയൊരുക്കിയത്.
അതേസമയം, പാകിസ്ഥാനെതിരയും വിജയിച്ച ഇന്ത്യ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. രണ്ട് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി നാല് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ശ്രീലങ്കയോടായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയം.
A clinical bowling effort helps India make it two wins on a trot in #CWC25 👏
കളിച്ച മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ട പാകിസ്ഥാന്‍ നിലവില്‍ ആറാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശാണ് ഫാത്തിമ സനയെയും സംഘത്തെയും പരാജയപ്പെടുത്തിയത്.