കുല്‍ദീപ് യാദവിന്റെയും വരുണ്‍ ചക്രവര്‍ത്തിയുടെയും ഓവറുകളായിരിക്കും ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ ഗതി നിര്‍ണയിക്കുകയെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ലെഗ് സ്പിന്‍ കളിക്കാന്‍ പാകിസ്ഥാന്‍ പരമ്പരാഗതമായി ബുദ്ധിമുട്ടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘ഇന്ത്യയ്ക്ക് രണ്ട് സ്പിന്നര്‍മാരുണ്ട്. കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിക്കും മത്സരം നിയന്ത്രിക്കാനും വിക്കറ്റെടുക്കാനും കഴിയും. പരമ്പരാഗതമായി പാകിസ്ഥാന് ലെഗ് സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവരുടെ എട്ട് ഓവറായിരിക്കും കളിയുടെ ഗതി നിര്‍ണയിക്കുക,’ ചോപ്ര പറഞ്ഞു.
കുല്‍ദീപും ചക്രവര്‍ത്തിയും മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ നിരയില്‍ മികച്ച ബാറ്റിങ് നടത്തുന്ന മുഹമ്മദ് ഹാരിസിനെയും ഫഖര്‍ സമാനെയും പുറത്താക്കാന്‍ സാധിച്ചാല്‍ മത്സരം ഇന്ത്യയ്ക്ക് മത്സരം അനുകൂലമാക്കാന്‍ കഴിയുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്ലാസിക് പോരാട്ടം നടക്കുക. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും പരസ്പരം പോരിനിറങ്ങുന്നത്. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ യു.എ.ഇയ്‌ക്കെതിരെ കൂറ്റന്‍ വിജയം നേടിയപ്പോള്‍ ഒമാനെതിരെയായിരുന്നു പാകിസ്ഥാന്റെ വിജയം.