2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെടുത്തിട്ടുണ്ട്. 25 പന്തില്‍ 42 റണ്‍സെടുത്ത ഇഷാന്‍ കിഷനും ഏഴ് പന്തില്‍ പത്ത് റണ്‍സ് നേടിയ തിലക് വര്‍മയുമാണ് ക്രീസിലുള്ളത്.
ടീമിലേക്ക് തിരിച്ചെത്തിയ അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിലാണ് ഇടം കൈയ്യന്‍ ഓപ്പണര്‍ പുറത്തായത്. നാല് പന്തില്‍ ഒരു റണ്‍സ് പോലുമെടുക്കാതെയാണ് താരത്തിന്റെ മടക്കം.
അഭിഷേക് ശര്‍മ. Photo: Johns/x.com
ലോകകപ്പില്‍ ഇതുവരെ അഭിഷേകിന് ഒരു റണ്‍സ് പോലും നേടാനായിട്ടില്ല. യു.എസ്.എക്ക് എതിരെ നടന്ന ആദ്യ മത്സരത്തിലും താരം ഡാക്കയാണ് മടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ അനാരോഗ്യം കാരണം കാത്തുകാത്തിരുന്ന താരം തിരികെ ടീമിലെത്തിയപ്പോഴും റണ്‍സ് നേടാന്‍ സാധിച്ചില്ല.
ഇതോടെ ഒരു മോശം നേട്ടത്തില്‍ അഭിഷേക് മുന്നിലെത്തി. ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഓപ്പണര്‍മാരുടെ ലിസ്റ്റിലാണ് താരം ഇടം പിടിച്ചത്. ഈ മോശം നേട്ടത്തില്‍ അഭിഷേക് ഒറ്റക്കല്ല. ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമുണ്ട്. മൂവരും രണ്ട് തവണയാണ് ലോകകപ്പില്‍ ഡക്കിന് പുറത്തായത്.
അതേസമയം, അഭിഷേകിന്റേത് അടക്കം രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണൊപ്പം അര്‍ഷ്ദീപ് സിങ്ങിനും ടീമിലെ സ്ഥാനം നഷ്ടമായി. കുല്‍ദീപ് യാദവാണ് താരത്തിന് പകരം ടീമിലെത്തിയത്.