പാകിസ്ഥാനെതിരായ അഭിഷേകാട്ടം; കടപുഴകി വീണ് വിന്‍ഡീസ് താരങ്ങള്‍
Asia Cup
പാകിസ്ഥാനെതിരായ അഭിഷേകാട്ടം; കടപുഴകി വീണ് വിന്‍ഡീസ് താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd September 2025, 1:11 pm

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ അര്‍ധ സെഞ്ച്വറിയുമായി യുവതാരം അഭിഷേക് ശര്‍മ തിളങ്ങിയിരുന്നു. കഴിഞ്ഞ ദിവസത്തിലെ ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തില്‍ താരത്തിന്റെ പ്രകടനമാണ് നിര്‍ണായകമായത്. ഓപ്പണിങ് സ്ഥാനത്ത് ബാറ്റിങ്ങിനെത്തി ഇടം കൈയ്യന്‍ ബാറ്റര്‍ പാക് താരങ്ങളെ തലങ്ങും വിലങ്ങും അടിച്ചൊതുക്കുകയായിരുന്നു.

മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ ഗാലറിയില്‍ എത്തിച്ചാണ് അഭിഷേക് തന്റെയും ഇന്ത്യന്‍ ഇന്നിങ്‌സിനും തുടക്കം കുറിച്ചത്. താരം 39 പന്തുകള്‍ നേരിട്ട് 74 റണ്‍സാണ് അടിച്ചെടുത്തത്. 189.74 എന്ന സൂപ്പര്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ആറ് ഫോറും അഞ്ച് സിക്‌സുമാണ് ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്‌സില്‍ പിറന്നത്.

ഈ വെടിക്കെട്ട് പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി – 20യില്‍ ഏറ്റവും കുറഞ്ഞ പന്തുകള്‍ നേരിട്ട് വേഗത്തില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡ് നേടാനാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് സാധിച്ചത്. താരം ഈ സുവര്‍ണ നേട്ടം കൈവരിച്ചത് 331 പന്തുകളില്‍ നിന്നാണ്. വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസിനെ ഒന്നാം സ്ഥാനത്ത് നിന്ന് പടിയിറക്കിയാണ് 25കാരന്‍ ഈ നേട്ടത്തിലെത്തിയത്.

ഫുള്‍ മെമ്പര്‍ നേഷനില്‍ ഏറ്റവും വേഗത്തില്‍ 50 സിക്‌സ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍ (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍)

(താരം – രാജ്യം – നേരിട്ട പന്തുകള്‍ എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – ഇന്ത്യ – 331

എവിന്‍ ലൂയിസ് – വെസ്റ്റ് ഇന്‍ഡീസ് – 366

ആന്ദ്രേ റസല്‍ – വെസ്റ്റ് ഇന്‍ഡീസ് – 409

ഹസ്റത്തുള്ള സസായ് – അഫ്ഗാനിസ്ഥാന്‍ – 492

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 509

 

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. പാക് ടീം ഉയര്‍ത്തിയ 172 വിജയലക്ഷ്യം മെന്‍ ഇന്‍ ബ്ലൂ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. അഭിഷേകിന് പുറമെ, വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തിലക് വര്‍മയും മികച്ച ബാറ്റിങ് പുറത്തെടുത്തു. ഗില്‍ 28 പന്തില്‍ 47 റണ്‍സും തിലക് 19 പന്തില്‍ പുറത്താവാതെ 30 റണ്‍സുമാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.

ബൗളിങ്ങില്‍ ശിവം ദുബെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും ഹര്‍ദിക് പാണ്ഡ്യ ഓരോ വിക്കറ്റ് വീതവും നേടി

പാക് നിരയില്‍ സാഹിബ്സാദ ഫര്‍ഹാനാണ് മികച്ച ബാറ്റിങ് നടത്തിയത്. താരം 45 പന്തില്‍ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 58 റണ്‍സാണ് നേടിയത്. സെയീം അയ്യൂബും മുഹമ്മദ് നവാസും 21 റണ്‍സ് വീതം സ്‌കോര്‍ ചെയ്തു.

Content Highlight: Ind vs Pak: Abhishek Sharma became quickest player to register 50 sixes in T20I cricket by balls