ന്യൂസിലാൻഡിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ ആതിഥേയർ മികച്ച നിലയിൽ മുന്നേറുകയാണ്. രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ 28 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 136 റണ്‍സെടുത്തിട്ടുണ്ട്. 16 പന്തില്‍ 10 റണ്‍സെടുത്ത കെ.എല്‍ രാഹുലും 18 പന്തില്‍ എട്ട് റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്.
ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത് വിരാട് കോഹ്‌ലിയെയാണ്. 29 പന്തില്‍ 23 റണ്‍സ് എടുത്തായിരുന്നു താരത്തിന്റെ മടക്കം. രണ്ട് ഫോറുകളായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
Photo: BCCI/x.com
ഈ ഇന്നിങ്സോടെ മറ്റൊരു നേട്ടത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടക്കാന്‍ വിരാടിന് സാധിച്ചു. ന്യൂസിലാന്‍ഡിന് എതിരെ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരങ്ങളുടെ ലിസ്റ്റിലാണ് താരത്തിന്റെ മുന്നേറ്റം. മത്സരത്തില്‍ ആദ്യ റണ്‍ നേടിയതോടെയാണ് മുന്‍ നായകന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
നിലവില്‍ ഈ ലിസ്റ്റില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്താണ്. താരത്തിന് ഏകദിനത്തില്‍ 1773 റണ്‍സാണുള്ളത്. ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത് ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങാണ്. മുന്‍ ഓസീസ് നായകന് 1971 റണ്‍സാണുള്ളത്.