ധോണിക്കും പന്തിനുമില്ല; സൂപ്പര്‍ നേട്ടത്തില്‍ രാഹുല്‍
Cricket
ധോണിക്കും പന്തിനുമില്ല; സൂപ്പര്‍ നേട്ടത്തില്‍ രാഹുല്‍
ഫസീഹ പി.സി.
Thursday, 15th January 2026, 7:20 am

ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയിരുന്നു. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് വിജയിച്ചത്. ഡാരില്‍ മിച്ചലിന്റെയും വില്‍ യാങ്ങിന്റെയും കരുത്തിലാണ് കിവീസിന്റെ വിജയം. ഇതോടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യക്കൊപ്പമെത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സെടുത്തിരുന്നു. ബാറ്റിങ് തകര്‍ച്ച നേരിട്ട ആതിഥേയരെ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. 92 പന്തില്‍ 112 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒരു സിക്സും 11 ഫോറുമടക്കമായിരുന്നു വിക്കറ്റ് കീപ്പറുടെ ഇന്നിങ്സ്.

കെ.എൽ രാഹുൽ. Photo: Johns/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും രാഹുലിന് സ്വന്തമാക്കാനായി. ന്യൂസിലാന്‍ഡിന് എതിരെ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് താരം നേടിയത്. ഒപ്പം രാജ്‌കോട്ടില്‍ ഏകദിന സെഞ്ച്വറിയടിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും 33 കാരന്‍ കുറിച്ചു.

മത്സരത്തില്‍ രാഹുലിന് പുറമെ ഇന്ത്യക്കായി ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി. 53 പന്തില്‍ 56 റണ്‍സാണ് താരത്തിന്റെ സ്‌കോര്‍. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

ന്യൂസിലാന്‍ഡിനായി ക്രിസ് ക്ലാര്‍ക്ക് മൂന്ന് വിക്കറ്റുമായി മികച്ച ബൗളിങ് പ്രകടനം നടത്തി. കൈല്‍ ജാമിസണ്‍, സാക്കറി ഫോള്‍ക്സ്, ജെയ്ഡന്‍ ലിനോക്സ്, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ മിച്ചല്‍ 117 പന്തില്‍ 11 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ പുറത്താകാതെ 131 റണ്‍സ് നേടി. ഒപ്പം യങ് 98 പന്തില്‍ 87 റണ്‍സും ഗ്ലെന്‍ ഫിലിപ്പ് 25 പന്തില്‍ 32 റണ്‍സും സ്‌കോര്‍ ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: Ind vs NZ: KL Rahul became first Indian wicket keeper to score ODI century against New Zealand and in Rajkot

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി