ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരം ലോഡ്സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. ഒരു ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സാണ് ഇംഗ്ലണ്ട് എടുത്തത്. ആതിഥേയര്‍ക്കായി സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റുമാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ കെ.എല്‍ രാഹുലിന്റെ സെഞ്ച്വറി കരുത്തില്‍ 387 റണ്‍സെടുത്തിരുന്നു. രാഹുലിന് പുറമെ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. 112 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്സറും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
പരിക്കുമായി ക്രീസിലെത്തിയാണ് പന്ത് മിന്നും പ്രകടനം നടത്തിയതെന്നാണ് ശ്രദ്ധേയം. ആദ്യ ദിവസം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ കീപ്പിങ്ങിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. പന്തിന്റെ ചൂണ്ടുവിരലിന് പരിക്കേറ്റ് താരം ഫീല്‍ഡ് വിടുകയും ചെയ്തിരുന്നു. ശേഷിക്കുന്ന ഓവറുകളില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലായിരുന്നു വിക്കറ്റ് കീപ്പറായിരുന്നത്.
പന്തിന്റെ പരിക്കില്‍ ആരാധകര്‍ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍, രണ്ടാം ദിവസം തന്നെ താരം ബാറ്റിങ്ങിനെത്തി. മൂന്നാം ദിവസം മിന്നും പ്രകടനം നടത്തി ഇന്ത്യന്‍ ബാറ്റിങ്ങില്‍ കരുത്തേകുകയും ചെയ്തു. ഇപ്പോള്‍ റിഷബ് പന്ത് വലിയ വേദനയിലാണ് ബാറ്റ് ചെയ്തത് തുറന്നുപറയുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുല്‍.
ബാറ്റ് പിടിക്കുമ്പോള്‍ പന്തിന് ഒരുപാട് വേദനയുണ്ടായിരുന്നുവെന്നും എന്നാല്‍ മികച്ച പന്തില്‍ ബൗണ്ടറി നേടാന്‍ കഴിയാത്തതിലായിരുന്നു അവന്റെ നിരാശയെന്നും താരം പറഞ്ഞു. വേദന ഉണ്ടായിരുന്നെങ്കിലും ടീമിനായി കളിക്കാനും സംഭാവന ചെയ്യാനും പന്ത് സന്തോഷവാനായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ബാറ്റ് പിടിക്കുമ്പോള്‍ പന്തിന് ഒരുപാട് വേദനയുണ്ടായിരുന്നു. ബോള്‍ ബാറ്റില്‍ തട്ടുമ്പോള്‍ വേദന കൂട്ടി. കൂടാതെ, ചില പന്തുകള്‍ അവന്റെ ഗ്ലൗസിലും തട്ടി. അത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. പക്ഷേ, ബൗണ്ടറി നേടാന്‍ കഴിയുന്ന പന്തുകള്‍ നഷ്ടമായതിനായിരുന്നു അവന്റെ നിരാശ.
അത് തന്നെ പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു പന്ത്. അസ്വസ്ഥനാകുന്നതിനുപകരം മറ്റു ഓപ്ഷനുകളെക്കുറിച്ച് ചിന്തിക്കാനും ബൗണ്ടറികള്‍ നേടാനുള്ള ഏറ്റവും മികച്ച ഷോട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാന്‍ അവനോട് പറഞ്ഞു.