ഗസയിലെ വംശഹത്യ; ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന സര്‍വകലാശാലകളുടെ എണ്ണത്തില്‍ വര്‍ധന
Trending
ഗസയിലെ വംശഹത്യ; ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന സര്‍വകലാശാലകളുടെ എണ്ണത്തില്‍ വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th September 2025, 10:16 pm

ടെല്‍ അവീവ്: ഗസക്കെതിരായ നിരന്തര ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന സര്‍വകലാശാലകളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെയും ദക്ഷിണ അമേരിക്കയിലെയും സര്‍വകലാശാലകളാണ് പ്രധാനമായും ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്.

2024ല്‍ ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിയാറ ഇസ്രഈലി സര്‍വകലാശാലയുമായുള്ള ഒരു ഇന്നൊവേഷന്‍ ഉച്ചകോടി റദ്ദാക്കിയിരുന്നു. ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമാണ് ബ്രസീല്‍. ലുലാ ഡ സില്‍വയുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരാണ് ബ്രസീലിലേത്.

ഇസ്രഈലി വിസിറ്റിങ് പ്രൊഫസര്‍ക്കെതിരെ ബ്രസീലിയ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധവും സമാനതകളില്ലാത്ത ഒന്നായിരുന്നു. ജെറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിലെ ഫ്രൊഫസര്‍ ജോര്‍ജ് ഗോര്‍ഡിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ബ്രസീലിന് പുറമെ സ്‌പെയിന്‍, ബെല്‍ജിയം, നോര്‍വേ എന്നീ രാജ്യങ്ങളിലെ സര്‍വകലാശാലകളും ഇസ്രഈലി സ്ഥാപനങ്ങളുമായി പുലര്‍ത്തിയിരുന്ന ബന്ധം പൂര്‍ണമായും വിച്ഛേദിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ആംസ്റ്റര്‍ഡാം സര്‍വകലാശാല ജെറുസലേമിലെ ഹീബ്രു സര്‍വകലാശാലയുമായുള്ള ബന്ധം വിച്ഛേദിച്ചതാണ് അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട തീരുമാനം.

സര്‍വകലാശാലകള്‍ തമ്മില്‍ വിദ്യാര്‍ത്ഥികളെ കൈമാറുന്ന നയത്തില്‍ നിന്നാണ് ആംസ്റ്റര്‍ഡാം സര്‍വകലാശാല പിന്മാറിയത്. അയര്‍ലണ്ടിലെ ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി കോളേജും ഇത്തരത്തില്‍ ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇതിനിടെ യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് സോഷ്യല്‍ ആന്ത്രോപോളജിസ്റ്റ് ഇസ്രഈല്‍ അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നും സമാനമായ നീക്കങ്ങള്‍ ഉണ്ടായില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഇസ്രഈല്‍ സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കുന്നത് വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി യൂണിവേഴ്‌സിറ്റീസ് യു.കെ പ്രസ്താവന പുറപ്പെടുവിക്കുകയാണ് ചെയ്തത്.

അതേസമയം മേല്‍പ്പറഞ്ഞ ഏതാനും രാജ്യങ്ങളിൽ നിന്നാണ് അന്താരാഷ്ട്ര തലത്തില്‍ ഇസ്രഈലിനെതിരെ ഏറ്റവും ശക്തമായ ശബ്ദങ്ങള്‍ ഉയര്‍ന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഹാമില്‍ട്ടണ്‍ ഹാളിന്റെ പേര് ‘ഹിന്ദ് ഹാള്‍’ എന്ന് ഫലസ്തീന്‍ അനുകൂലികള്‍ പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് വയസുകാരി ഹിന്ദ് റജബിനോടുള്ള ബഹുമാനാര്‍ത്ഥമായിരുന്നു വിദ്യാര്‍ത്ഥികളുടെ നീക്കം.

അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ യു.എസ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികളെ ഷോക്കടിപ്പിക്കുകയും ചെയ്തത് വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളും പൊലീസിന്റെ അതിക്രമത്തിന് ഇരയായിരുന്നു. വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് തടഞ്ഞ പ്രൊഫസറെ പൊലീസ് മര്‍ദിക്കുന്നതിന്റെയും കൈവിലങ്ങ് ധരിപ്പിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുമുണ്ടായി.

Content Highlight: Increase in the number of universities severing ties with Israel