കൊച്ചി: കുടുംബത്തെ ഉപേക്ഷിച്ച് പോകുന്ന മാതാപിതാക്കളുടെ വരുമാനം കുട്ടിക്ക് സാമ്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. എന്‍.ഐ.എഫ്.ടിയിലെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി) ഉദ്യോഗാര്‍ത്ഥി നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി വിധി. ജസ്റ്റിസ് എന്‍. നഗരേഷാണ് ഹരജി പരിഗണിച്ചത്.
മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുടുംബത്തെ ഉപേക്ഷിച്ച് പോയിട്ടുണ്ടെങ്കില്‍ അവരുടെ വരുമാനം കുട്ടിക്ക് ഇ.ഡബ്ള്യു.എസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പരിഗണിക്കേണ്ടതില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്.
അതേസമയം വിവാഹമോചിതരായ മാതാപിതാക്കളുടെ മക്കള്‍ക്ക് ഇ.ഡബ്ള്യു.എസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി വിവാഹമോചിതരാകുന്നത് വരെയുള്ള മാതാപിതാക്കളുടെ വരുമാനം, ആസ്തി എന്നിവ പരിഗണിക്കാമെന്ന വ്യവസ്ഥ നിലവിലുണ്ട്.
ഒപ്പം വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം കുടുംബത്തെ ഉപേക്ഷിച്ച് പോകുന്ന മാതാവിന്റെയോ/പിതാവിന്റെയോ വരുമാനം കുടുംബത്തിന്റെ വാര്‍ഷിക വരുമാന നിര്‍ണയത്തിന് പരിഗണിക്കേണ്ടതില്ലെന്ന വ്യവസ്ഥയും നിലവിലുണ്ട്.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സംവരണം നല്‍കുന്നതാണ് സാമ്പത്തിക സംവരണം.
2019 ജനുവരിയില്‍ ഭരണഘടനയിലെ 103-ാം ഭേദഗതിയായാണ് പാര്‍ലമെന്റ് സാമ്പത്തിക സംവരണം പാസാക്കിയത്. ഇതിലൂടെ ഭരണഘടനയുടെ 15, 16 ആര്‍ട്ടിക്കിളുകളാണ് ഭേദഗതി ചെയ്തത്.
ഇത് അനുസരിച്ച് എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ലഭിക്കാത്തതും വാര്‍ഷിക വരുമാനം എട്ടുലക്ഷം രൂപയില്‍ താഴെയുള്ളവരുമായ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ട്. ജനറല്‍ വിഭാഗത്തിന് നീക്കിവെച്ചിട്ടുള്ള 50 ശതമാനത്തില്‍ നിന്നാണ് സാമ്പത്തിക സംവരണത്തിനുള്ള പത്ത് ശതമാനം ഒഴിവുകള്‍ രേഖപ്പെടുത്തുന്നത്.
സാമ്പത്തിക സംവരണം ആദ്യമായി നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ മേഖലയിലും പി.എസ്.സിയിലും സാമ്പത്തിക സംവരണം നടപ്പിലാക്കിവരുന്നുണ്ട്. മെഡിക്കല്‍, എഞ്ചിനീയറിങ് പോലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും സാമ്പത്തിക സംവരണം നടപ്പിലാക്കിയിട്ടുണ്ട്.
Content Highlight: Income of parents who abandon the family should not be considered in the child’s Economic Reservation: High Court