തൃശൂര്‍: കെ.എസ്.യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ നടപടി. വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ. ഷാജഹാനെ ചുമതലയില്‍ നിന്ന് മാറ്റി. തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ ഷാജഹാന് പോസ്റ്റിങ് നല്‍കരുതെന്നും നിര്‍ദേശമുണ്ട്.
കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടിയന്തിരമായി പൊലീസ് ആസ്ഥാനത്ത് ഹാജരാകാനും നിര്‍ദേശമുണ്ട്. അതേസമയം ഷാജഹാനെ എവിടേക്കാണ് സ്ഥലം മാറ്റിയതെന്നതില്‍ വ്യക്തതയില്ല.
ഷാജഹാനെതിരായ നടപടി മുഖംമൂടി ധരിപ്പിച്ച വിഷയത്തിലാണോ എന്നതിലും വ്യക്തത ലഭിച്ചിട്ടില്ല. സ്ഥലംമാറ്റ ഉത്തരവില്‍ ഇതുസംബന്ധിച്ച പരാമര്‍ശങ്ങളില്ലെന്നാണ് വിവരം. നിലവില്‍ രണ്ട് അച്ചടക്ക നടപടികള്‍ നേരിടുന്ന ഉദ്യോഗസ്ഥനുമാണ് ഷാജഹാന്‍.
ചേലക്കരയിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തെ തുടര്‍ന്നാണ് കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍ അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്.
കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ മുഖം മൂടി ധരിപ്പിച്ചും കൈവിലങ് അണിയിച്ചുമാണ് കോടതിയില്‍ ഹാജരാക്കിയത്.
ഇതിനിടെ എസ്.എച്ച്.ഒ ഷാജഹാന് കോടതി ഷോക്കേസ് നോട്ടീസ് അയക്കുകയും ഇന്ന് (തിങ്കള്‍) കോടതിയില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാജഹാനെ ചുമതലയില്‍ നിന്ന് മാറ്റിയത്.