മലപ്പുറത്ത് ഇന്ന് മാത്രം 77 കോടിയോളം രൂപയുടെ പദ്ധതി ഉദ്ഘാടനങ്ങൾ: പി.എ. മുഹമ്മദ് റിയാസ്
Kerala
മലപ്പുറത്ത് ഇന്ന് മാത്രം 77 കോടിയോളം രൂപയുടെ പദ്ധതി ഉദ്ഘാടനങ്ങൾ: പി.എ. മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th October 2025, 10:18 am

ബേപ്പൂര്‍: മലപ്പുറം ജില്ലയിലായി വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് (തിങ്കള്‍) 77 കോടിയോളം രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ പൂര്‍ത്തീകരിച്ചതും പ്രവൃത്തി ആരംഭിക്കുന്നതുമായ 77 കോടിയോളം രൂപയുടെ പദ്ധതികളാണ് മലപ്പുറത്ത് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

ഒമ്പത് കോടി രൂപ വിനിയോഗിച്ച് നവീകരിച്ച വേങ്ങര മണ്ഡലത്തിലെ കൂരിയാട്-അച്ചനമ്പലം റോഡ് ഇന്ന് നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 12.50 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുക മഞ്ചേരി-വണ്ടൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചെറയക്കോട് പാലത്തിന്റെ പ്രവൃത്തി ഇന്ന് ആരംഭിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ഇതോടൊപ്പം പൂന്താനത്തിന്റെ നാടായ മഞ്ചേരി മണ്ഡലത്തിലെ കീഴാറ്റൂരില്‍ 1.4 കോടി രൂപ വിനിയോഗിച്ച് ടൂറിസം വകുപ്പ് പണികഴിപ്പിച്ച പൂന്താനം സ്മാരകവും നാടിന് സമര്‍പ്പിക്കും. കൂടാതെ, 20.90 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ ന്യൂകട്ട് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കം കുറിക്കുകയാണ്.

33 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ബൈപ്പാസിന്റെ പ്രവൃത്തി ഇന്ന് മുതല്‍ ആരംഭിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇത് തിരൂര്‍ മണ്ഡലത്തിലെ പൊന്മുണ്ടം ബൈപ്പാസ് ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നമായിരുന്നുവെന്നും അത് യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്ബി പദ്ധതിയിലൂടെ ആരംഭിച്ച വള്ളിക്കുന്ന് മണ്ഡലത്തിലെ മുന്നിയൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ കെട്ടിടം, ചെറുകാവ് പഞ്ചായത്തിലെ കുണ്ടേരി അംഗനവാടി കെട്ടിടം എന്നിവയും ഇന്ന് നാടിന് സമര്‍പ്പിക്കുകയാണ്.

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ താഴെക്കാട് ഗ്രാമപഞ്ചായത്തിന്റെ പ്രധാനപ്പെട്ട മൂന്ന് പദ്ധതികളുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കുകൊള്ളുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

Content Highlight: Inauguration of a projects worth Rs 77 crore in Malappuram today alone: ​​P.A. Muhammed Riyas