പീഡന പരാതി; പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു
Kerala News
പീഡന പരാതി; പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd July 2022, 2:09 pm

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരായി പീഡന പരാതി. സംഭവത്തില്‍ കേസെടത്ത് പൊലീസ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായാണ് പുതിയ പരാതി പുറത്തുവരുന്നത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായിരുന്നു പി.സി. ജോര്‍ജിനെ വിളിച്ചു വരുത്തിയത്. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണം എന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു.

തുടര്‍ന്ന് ഇന്ന് ഹാജരാകാമെന്ന് പി.സി. മറുപടി നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പി.സി. ജോര്‍ജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികള്‍.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരം നഷ്ടമാകുമെന്ന ഭയമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

‘ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും കൈക്കൊള്ളുക. പിണറായി വിജയനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തും. എ.കെ.ജി സെന്ററില്‍ ബോംബ് എറിഞ്ഞിട്ട് അത് കോണ്‍ഗ്രസാണ്, കമ്യൂണിസ്റ്റാണ് എന്ന് പറയുന്ന സ്വഭാവം എനിക്കില്ല.

ഞാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യും. മാത്യു കുഴല്‍നാടന്‍ പറഞ്ഞ പകുതി കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. എന്നിട്ടെന്താണ് മാത്യുവിനെതിരെ കേസെടുക്കാത്തത്? പി.സി. ജോര്‍ജിനോട് എന്തും ആകാമെന്നാണോ? പിണറായി ഒരു മാസത്തിനകം പോകും. നിങ്ങള്‍ പേടിക്കേണ്ട,’ പി.സി. ജോര്‍ജ് പറഞ്ഞു.