കറക്കം, മോട്ടിവേഷന്‍, നന്മമരം; ഷെയ്ന്‍ നിഗത്തിന്റെ മിനി ചാര്‍ലി
Film News
കറക്കം, മോട്ടിവേഷന്‍, നന്മമരം; ഷെയ്ന്‍ നിഗത്തിന്റെ മിനി ചാര്‍ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd July 2022, 1:56 pm

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്ത ഉല്ലാസം ജൂലൈ ഒന്നിനാണ് റിലീസ് ചെയ്തത്. ഒരു ട്രെയ്ന്‍ യാത്രക്കിടയില്‍ ഊട്ടിയിലെ വനത്തില്‍ ഒറ്റപ്പെട്ട് പോകുന്ന നായകന്റേയും നായികയുടേയും കഥയാണ് ഉല്ലാസം. വഴിതെറ്റിയ ഈ യാത്രക്കിടയില്‍ അവരവരുടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്താന്‍ ശ്രമിക്കുന്ന ആ യാത്ര തീരുന്നത് വരെ പരസ്പരം പ്രേമിക്കാന്‍ തീരുമാനിക്കുകയാണ് ഹാരിയും നിമയും.

******************spoiler alert***************

ചിത്രത്തിലെ ചില രംഗങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയെ അനുസ്മരിപ്പിക്കുന്നതാണ്. ചാര്‍ലിയെ പോലെ ഹാരിയും ഈ നിമിഷത്തില്‍ ജീവിക്കുന്നവനാണ്. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതിനെ പറ്റി ആയാള്‍ ആകുലനാവുന്നില്ല. നാടകക്കാര്‍, യൂത്തന്മാര്‍ അങ്ങനെ സമൂഹത്തിന്റെ പല തട്ടിലുള്ളവര്‍ ഹാരിയുടെ സുഹൃത്തുക്കളാണ്.

ചാര്‍ലിയെ പോലെ ഹാരിക്ക് തോന്നുമ്പോഴൊക്കെ തോന്നുന്നിടത്തേക്കൊക്കെ യാത്ര പോവുന്നുണ്ട്. അതിനിടക്ക് ഒരുപാട് പരോപകാരങ്ങളും അയാള്‍ ചെയ്യുന്നു. സഹായം വേണ്ടിടത്തൊക്കെ അയാള്‍ ഓടിയെത്തും. ചാര്‍ലി ആത്മഹത്യയില്‍ നിന്നും ഒരു പെണ്‍കുട്ടിയെ രക്ഷിക്കുകയാണെങ്കില്‍ ഹാരി ആത്മഹത്യക്ക് ശ്രമിച്ച് ഡിപ്രഷന്‍ അടിച്ചിരിക്കുന്ന കുട്ടിയെ മോട്ടിവേറ്റ് ചെയ്ത് ജോളിയാക്കുന്നു.

ചാര്‍ലിയിലെ ടെസയെ പോലെ ചിത്രത്തിന്റെ അവസാനം നിമ ഹാരിയെ തേടിയിറങ്ങുന്നുണ്ട്. ചാര്‍ലിയിലെ നായകന്റെ കുടുംബം കാണിക്കുന്നില്ലെങ്കില്‍ ഹാരി മേനോന്റെ വീട് ഒടുക്കം കാണിക്കുന്നുണ്ട് എന്നതാണ് ഒരു വ്യത്യാസം. അതും നാട്ടിലെ പ്രമാണിയായ റിച്ചാര്‍ഡ് മേനോന്റെ മകനാണ് ഹാരി. ലോകപ്രശസ്തമായി പല പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നായികക്ക് ഇതില്‍ പരം ഭാഗ്യം ലഭിക്കാനുണ്ടോ.

ഒരു ഫെയറി ടെയ്ല്‍ സ്‌റ്റോറിയാണ് ചിത്രം ഉദ്ദേശിച്ചതെങ്കിലും അത് കണ്‍വിന്‍സിങാവുന്നില്ലെന്ന് മാത്രമല്ല നല്ല ആര്‍ട്ടിഫിഷ്യാലിറ്റിയും തോന്നുന്നുണ്ട്.

Content Highlight: Some scenes in the film ullasam are reminiscent of the Dulquer Salmaan film Charlie