മേയര്‍ ആര്യ രാജേന്ദ്രന്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവറിന് നിര്‍ദേശം
Kerala News
മേയര്‍ ആര്യ രാജേന്ദ്രന്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവറിന് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th April 2024, 1:00 pm

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവറിന് നിര്‍ദേശം. ഡി.ടി.ഒയ്ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം ഡ്രൈവര്‍ക്കെതിരെയുള്ള നടപടിയില്‍ നിലപാട് കടുപ്പിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അസഭ്യമായ രീതിയില്‍ ലൈംഗിക ചുവയോട് കൂടി ഡ്രൈവര്‍ ആംഗ്യം കാണിച്ചു. റെഡ് സിഗ്‌നലില്‍ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവര്‍ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും ഗതാഗത മന്ത്രിയെ വിളിച്ച് അപ്പോള്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

ഡ്രൈവറിന്റെ പേരില്‍ മുന്നേ ക്രിമിനല്‍ കേസുണ്ട്. ഇത് റോഡ് സൈഡ് തരാത്ത പ്രശ്നമല്ലെന്നും സിഗ്‌നലില്‍ വെച്ച് ബസ് നിര്‍ത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും മേയര്‍ പറഞ്ഞു.

അല്ലാതെ ബസ് തടഞ്ഞ് നിര്‍ത്തിയിട്ടില്ലെന്നും അസഭ്യം പറയുന്ന കുടുംബത്തിലോ രാഷ്ട്രീയ പശ്ചാത്തലത്തിലോ അല്ല താന്‍ വളര്‍ന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ ഗതാഗത മന്ത്രിക്കും പൊലീസിനും മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

എന്നാല്‍ മേയര്‍ക്കെതിരെ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ ഇതുവരെ പൊലീസ് ഇടപെടല്‍ ഉണ്ടായിട്ടില്ല. പരാതി പരിശോധിച്ച് വരികയാണെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. പരാതിയില്‍ പറയുന്ന വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നും വിശദമായ അന്വേഷണത്തിനൊടുവില്‍ നടപടിയെന്നുമാണ് പൊലീസ് അറിയിച്ചത്.

സംഭവത്തില്‍ തന്നെ ജോലിയില്‍ നിന്ന് പറഞ്ഞ് വിടാന്‍ സാധ്യതയുണ്ടെന്ന് ഡ്രൈവര്‍ യദു എല്‍.എച്ച് ഞായറഴ്ച പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം നടന്നത്.

Content Highlight: In the dispute between Arya Rajendran and the KSRTC driver, the driver was instructed not to go on duty