ഇസ്രഈൽ സൈന്യത്താൽ ഹമാസ് കൊല്ലപ്പെടണം, ഇതാണ് യുദ്ധക്കുറ്റത്തിന് നൽകേണ്ട ശിക്ഷ: യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്
World News
ഇസ്രഈൽ സൈന്യത്താൽ ഹമാസ് കൊല്ലപ്പെടണം, ഇതാണ് യുദ്ധക്കുറ്റത്തിന് നൽകേണ്ട ശിക്ഷ: യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 10:08 am

വാഷിങ്ടണ്‍: ഇസ്രഈല്‍ സൈന്യത്താല്‍ കൊല്ലപ്പെടുകയാണ് ഹമാസിന് യുദ്ധക്കുറ്റത്തില്‍ കൊടുക്കേണ്ട ശിക്ഷയെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍. ഗസയിലെ യുദ്ധക്കുറ്റങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മൂന്ന് ഹമാസ് നേതാക്കള്‍ക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മാത്യു മില്ലറിന്റെ പ്രതികരണം.

‘ഹമാസ് ശിക്ഷിക്കപ്പെടണം. ഒന്നുകില്‍ ഇസ്രഈല്‍ സൈന്യത്താല്‍ അവര്‍ കൊല്ലപ്പെടണം. അല്ലെങ്കില്‍ ഇസ്രഈല്‍ കോടതിയില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം,’മാത്യു മില്ലര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐ.സി.സി പ്രോസിക്യൂട്ടര്‍ കരീം ഖാനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

യഹ്‌യ സിന്‍വാര്‍ അടക്കമുള്ള മൂന്ന് ഹമാസ് നേതാക്കള്‍ക്കാണ് അറസ്റ്റ് വാറന്റ് ലഭിച്ചത്. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ആക്രമണം നടത്തിയതിനും തുടര്‍ന്ന് ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളിലുമാണ് നടപടി.അല്‍ഖസ്സാം ബ്രിഗേഡ് തലവന്‍ മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍മസ്രി, ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ എന്നിവരാണ് അറസ്റ്റ് വാറന്റ് നേരിടുന്ന മറ്റ് ഹമാസ് നേതാക്കള്‍.

സാധാരണക്കാരെ പട്ടിണിക്കിടുക, ശരീരത്തില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുക, ക്രൂരമായ പെരുമാറ്റം, മനഃപൂര്‍വമായ കൊലപാതകം, സിവിലിയന്‍ ജനതയ്ക്കെതിരായ ആക്രമണം, പട്ടിണി മൂലമുണ്ടാകുന്ന മരണം എന്നീ കുറ്റകൃത്യങ്ങളാണ് ഇസ്രഈലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം കൊലപാതകം, തടവിലാക്കല്‍, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഹമാസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വാറന്റില്‍ ഹമാസ് നേതാക്കള്‍ പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് നേതാക്കള്‍ക്കെതിരെയുള്ള ഐ.സി.സിയുടെ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. കൂടാതെ ഇസ്രഈല്‍ നേതാക്കള്‍ക്കെതിരെയുള്ള വാറന്റ് സംഘര്‍ഷം ആരംഭിച്ച് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് വരുന്നതെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഐ.സി.സിയുടെ അറസ്റ്റ് വാറന്റ് നാസി പ്രചാരണത്തിനോട് ഉപമിച്ച് ഇസ്രഈല്‍ ധനകാര്യ മന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് രംഗത്തെത്തി. ഐ.സി.സിയുടെ തീരുമാനം ചട്ടങ്ങള്‍ക്ക് അതീതമാണെന്നായിരുന്നു ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ പ്രതികരണം.

Content Highlight: In response to ICC warrants, US says Hamas should be ‘killed’ or prosecuted by Israel