അന്ന് ഞങ്ങളുടെ നാട്ടില്‍ പറി എന്ന് പേരുള്ള പ്രായമായ ഒരു സ്ത്രീ ഉണ്ടായിരുന്നു | ശ്രീജിത്ത് വേങ്ങര
DISCOURSE
അന്ന് ഞങ്ങളുടെ നാട്ടില്‍ പറി എന്ന് പേരുള്ള പ്രായമായ ഒരു സ്ത്രീ ഉണ്ടായിരുന്നു | ശ്രീജിത്ത് വേങ്ങര
ശ്രീജിത്ത് വേങ്ങര
Thursday, 7th January 2021, 3:35 pm

സത്യമാണ്. അന്ന് ഞങ്ങളുടെ നാട്ടില്‍ പറി എന്ന് പേരുള്ള പ്രായമായ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഇടയ്‌ക്കെപ്പോഴെങ്കിലും അവര്‍ വീട്ടിലേക്ക് വരും. രാവിലെ മുറ്റത്ത് അവരുടെ നിഴല്‍ വീഴുമ്പോള്‍ ‘ഓ അടിയാറ് വന്നോ…’ എന്ന് അമ്മമ്മ പിറുപിറുക്കും. അതറിഞ്ഞ പോലെ അമ്മമ്മ നടു നിവര്‍ത്തുമ്പോള്‍ അവര്‍ രണ്ടടി പിറകോട്ടു മാറും. പിന്നെ കളത്തിന്റെ തുമ്പത്ത് കഴുകി കമഴ്ത്തിയ ചട്ടിയെടുത്ത് തന്റെ കൈയ്യിലുള്ള കുരിയ അതിലേക്ക് കമിഴ്ത്തും.

ഇരിമീന്‍, കൊയല, ചൂട്ടാച്ചി, പയത്തി തുടങ്ങിയ മീനുകള്‍ ചട്ടിയിലേക്ക് ഉതിര്‍ന്നു വീഴും. കാണുമ്പോഴെല്ലാം നനഞ്ഞൊട്ടിയ വസ്ത്രമായിരിക്കും അവര്‍ക്ക്. പുഴയില്‍ നിന്നും നേരെ കയറി വരുന്നതാവണം. ഉപ്പ് വെള്ളം ചുവപ്പിച്ച കണ്ണുമായി അനങ്ങാതെ നില്‍ക്കും.

‘ഓ കയ്ഞ്ഞാ… ഇത്രേ ല്ലൂ..’ നീക്കിയ ചട്ടിയിലേക്ക് നോക്കി അമ്മമ്മ തൃപ്തിയാകാതെ പറയും. അവരൊന്നും മറുപടി പറയില്ല.
എപ്പോഴെങ്കിലും അവരെന്തെങ്കിലും മിണ്ടി പറയുന്നതായി കണ്ടതുമില്ല, കേട്ടതുമില്ല.

മാന്താലത്തില്‍ നിറയെ വറ്റ് കുറഞ്ഞ കുളുത്തിന്‍ വെള്ളം അമ്മമ്മയില്‍ നിന്ന് വാങ്ങി അവര്‍ ഒറ്റ വലിക്ക് കുടിക്കും. പിന്നെ അരികില്‍ നീല വരയുള്ള വസിയിലേക്ക് കരിഞ്ഞ രണ്ട് മൂന്ന് ദോശ, വന്നല നിറഞ്ഞ നെല്ല്, കേട് വരാറായ വെള്ളരി എന്നിവ അവര്‍ക്ക് നല്‍കും.
നിറഞ്ഞ വയറും, കുരിയയുമായി അവര്‍ വന്ന വഴിയേ പോകും.

‘പറീ… പറീ…. എന്തേലും പറ……’ എന്ന് ഞങ്ങള്‍ പിള്ളേര്‍ അവര്‍ക്ക് പിന്നാലെ ചെന്ന് കൂവിയാര്‍ക്കും. അവരതിനൊന്നും ചെവി കൊടുക്കാതെ നടക്കും. എത്ര ഉച്ചത്തില്‍ കൂവി വിളിച്ചാലും അവര്‍ ഒരു വാക്ക് കൊണ്ടോ, നോട്ടം കൊണ്ടോ അതിനെ പ്രതിരോധിക്കാറില്ലായിരുന്നു.
പുഴയിലിറങ്ങി ചൂണ്ടയോ വലയോ ഒന്നുമില്ലാതെ മീന്‍ പിടിക്കാന്‍ അവര്‍ക്ക് നല്ല വശമായിരുന്നു. അങ്ങിനെ കിട്ടുന്ന മീനുമായാണ് അവര്‍ ഓരോ വീടുകളിലേക്ക് പോകാറ്.

ഏതെങ്കിലും വഴിയില്‍ അവരെ നമ്മള്‍ കണ്ടു മുട്ടും. അതോടെ അവരുടെ പിന്നാലെ ചെന്ന് നമ്മള്‍ കൂവിയാര്‍ക്കും. ചെമ്പല്ലിക്കുണ്ട് കടവില്‍ അന്ന് കുറെ ‘ചേട്ടന്മാര്‍’ താമസിച്ചിരുന്നു. കൊല്ലം കുണ്ടറയില്‍ നിന്നും വന്ന് താമസിച്ച് മീന്‍ പിടിച്ചു ജീവിക്കുന്ന ക്രിസ്ത്യാനികളെ ‘ചേട്ടന്മാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അവരിലെ തല മുതിര്‍ന്ന എസ്തപ്പാന്‍ ചേട്ടന്‍ ഒരു ദിവസം ഞങ്ങളുടെ ഒച്ചപ്പാടിലേക്ക് ഇടിച്ചു കയറി.

പറി എന്ന വാക്കിനെ തെക്കുള്ളവര്‍ എത്ര അശ്ലീല പദമായാണ് ഉപയോഗിക്കുന്നത് എന്ന് എസ്തപ്പാന്‍ ചേട്ടന്‍ പറയുന്നത് കേട്ടതോടെ നമ്മള്‍ പൊട്ടി തെറിക്കുന്ന പടക്കങ്ങള്‍ പെട്ടെന്ന് മഴനനഞ്ഞ് ചുളുവായി.

‘പറീ…. പറീ…..’ എന്ന ഞങ്ങളുടെ കലമ്പലുകളെ ഒന്ന് രണ്ട് വാക്കുകള്‍ കൊണ്ട് എസ്തപ്പാന്‍ ചേട്ടന്‍ അടിച്ചു കെടുത്തി. അത്രയും വൃത്തികെട്ട ഒരു വാക്കാണ് അവരുടെ പേരെന്നും, അതു പറഞ്ഞാണ് അവരെ ഞങ്ങള്‍ അറിയാതെയെങ്കിലും കളിയാക്കിയത് എന്നത് ഞങ്ങളെ വല്ലാതെ സങ്കടപ്പെടുത്തി.

അവര്‍ക്ക് അത് അറിയുമോ എന്നോര്‍ത്ത് ഞങ്ങള്‍ നീറി. അന്ന് മുറിവേറ്റ മനസ്സുമായി വൈകി ഉറങ്ങിയ രാത്രി സ്വപ്നത്തിലാകണം ഞാനവരെ പിന്നീട് കണ്ടത്. ഉണക്കി വെടിപ്പാക്കിയ വസ്ത്രമായിരുന്നു അവര്‍ക്കപ്പോള്‍. ആദ്യമായിട്ടാകണം ഞാനവരുടെ മുന്നില്‍ നിന്നത്, തല കുനിച്ചത്.
‘എന്റെ കുഞ്ഞീ…’

അവരെന്നെ വിളിച്ചു. സത്യം, ആദ്യമായി ഞാനവരുടെ കൂറ്റ് കേട്ടു.
എന്തൊരു മധുരമായിരുന്നു അതിനു.

‘അല്ലപ്പാ നിങ്ങക്കാരാ ഈ പേരിട്ടത്…’
അവരുടെ സ്വര മാധുര്യത്തില്‍ എന്റെ കണ്ണീരിന്റെ ഉപ്പ് കലര്‍ന്നു.
‘ന്റെ കുഞ്ഞീ… നിനിക്കറിയോ…
പണ്ട്…’

അവര്‍ ഭൂതകാലത്തേക്ക് വിരല്‍ ചൂണ്ടി
‘പണ്ടെന്റെ പേര് പാര്‍വ്വതി ന്നായിരുന്നു.
പാറൂ…. ന്നാ എന്റച്ചന്‍ വിളിക്കല്…

ഒരീസം ചെറുതായത്ത് കണ്ടത്തില് നാട്ടിപണിക്ക് പോയപ്പോ ഏതോ നമ്പൂര്യാ പര്‍ഞ്ഞേ
അടിയാര്‍ക്ക് പാര്‍വ്വതീന്നുള്ള പേര് പാടില്ല്യാന്ന്.

എനക്ക് പാറു എന്ന് പേര് വേണ്ട പകരം പറി എന്ന് മതീന്ന് ആ നമ്പൂര്യാ പറഞ്ഞെ…
അന്നെന്റെ അച്ഛന്‍ തല കുത്തനെ പിടിച്ച് വെയ് രം കൊടുത്തു. എനക്കൊന്നും തിരിഞ്ഞിറ്റ് ല…

പിന്നെ ഞാന്‍ വല്‍തായി മങ്ങലം കയ്ഞ്ഞ് ന്റെ പുരുവന്‍ കൊടകിലോ മറ്റോ പോയ് വന്നൈന് ശേഷാ പണ്ടച്ചന്‍ വെയ് രം കൊട്ത്തത് എന്തിനാന്ന് മന്‍സിലായത്….

‘അപ്പോ നിങ്ങക്ക് അറിയാല്ലേ….
സത്യായിട്ടും നമ്മക്ക് അറീല്ലായിരുന്നു…’

‘സാരൂല്ല കുഞ്ഞീ… എനക്കൊരു കൊയപ്പൂല്ല…’
അവര്‍ ചിരിച്ചു കൊണ്ടിരുന്നു.

കണ്ടത് സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നൊന്നും അറിയില്ലെങ്കിലും പിറ്റേന്ന് കൂട്ട് പിള്ളേരോട് ഞാനാ കഥ പറഞ്ഞു. എല്ലാവരും ചെവി തുറന്നു വെച്ചു. വായ അടച്ചു വെച്ചു. എനിക്കുറപ്പുണ്ട്, കഥയില്‍ ചോദ്യമില്ലാതിരുന്നത് അന്ന് മുതലാവണം.
ഇനിയവരെ കാണുമ്പോള്‍ ‘പാറുവേച്ചീ… പാറുവേച്ചീ….’ എന്ന് വിളിച്ചാര്‍ത്ത് പ്രായശ്ചിത്തം ചെയ്യണമെന്ന ഞങ്ങളുടെ മോഹം പൂവണിഞ്ഞില്ല. അവരെ പിന്നെ എവിടെയും കണ്ടതായും ഓര്‍മ്മയിലില്ല.

കാലമേറേയായിട്ടും മനസ്സിനുള്ളില്‍ ആ നീറ്റല്‍ പുകഞ്ഞു കൊണ്ടേയിരുന്നു. അതിനാലാകണം അവരുടെ വീടിനടുത്തുള്ള ‘കോമന്‍’ എന്ന് പേരുള്ള ഒരാളെ ഞങ്ങള്‍ ‘സോമന്‍’ എന്ന് പരിഷ്‌ക്കരിച്ച് വിളിച്ചത്.

സഞ്ചിയില്‍ പിടയ്ക്കുന്ന മീനുമായി പയ്യന്നൂരിലെ മദ്രാസ് ഹോട്ടലിലേക്ക് ധൃതി പിടിച്ചു പായുമ്പോള്‍ ചെമ്പല്ലിക്കുണ്ട് പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന മരപ്പാലത്തിനു നടുവില്‍ വെച്ച് നമ്മള്‍ കോമന്‍ എന്ന് പേരുള്ള അയാളെ
സോമേട്ടാ…… എന്ന് ഒന്നിച്ച് വിളിച്ചു.

അയാള്‍ തിരിഞ്ഞു നോക്കി. നമ്മള്‍ പിള്ളേര്‍ അയാളെ കളിയാക്കിയതാവും എന്ന ചിന്തയില്‍ ഒന്നും പറയാതെ വടക്കോട്ട് പാഞ്ഞു.
ഇപ്പോഴും പറയുന്നു,
കോമേട്ടാ നിങ്ങളെ സോമേട്ടാ എന്ന് വിളിച്ചത് കളിയാക്കാനായിരുന്നില്ല. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ വിപ്ലവം. സത്യമായിട്ടും…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: In my home town there was a lady named pari  sreejith vengara