ഒവൈസിയുടെ പാര്‍ട്ടി വിട്ട് നാല് എം.എല്‍.എമാര്‍ ആര്‍.ജെ.ഡിയില്; ബി.ജെ.പിയെ മറികടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍.ജെ.ഡി
national news
ഒവൈസിയുടെ പാര്‍ട്ടി വിട്ട് നാല് എം.എല്‍.എമാര്‍ ആര്‍.ജെ.ഡിയില്; ബി.ജെ.പിയെ മറികടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th June 2022, 9:40 am

പട്‌ന: ബീഹാറില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയില്‍ നിന്നും നാല് എം.എല്‍.എമാര്‍ ആര്‍.ജെ.ഡിയില്‍ ചേര്‍ന്നു. ആകെ അഞ്ച് എം.എല്‍.എമാര്‍ ഉള്ളതിലാണ് നാല് പേരും ഇപ്പോള്‍ ആര്‍.ജെ.ഡിയില്‍ ചേര്‍ന്നിരിക്കുന്നത്.

ജോകിഹത് എം.എല്‍.എ മുഹമ്മദ് ഷാനവാസ് അലം, ബഹാദുര്‍പുര്‍ എം.എല്‍.എ മുഹമ്മദ് അന്‍സാര്‍ നയീമി, കൊചാധമന്‍ എം.എല്‍.എ മുഹമ്മദ് ഇസ്ഹര്‍ അസ്ഫി, ബൈസി എം.എല്‍.എ സയ്യിദ് റുക്‌നുദ്ദീന്‍ അഹ്മദ് എന്നിവരാണ് കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നത്.

ആര്‍.ജെ.ഡി നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനൊപ്പം ഈ നാല് എം.എല്‍.എമാരും സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയെ കണ്ട്, ആര്‍.ജെ.ഡിയില്‍ ലയിക്കുന്നതിന് അനുമതി തേടി കത്ത് നല്‍കിയിരുന്നു.

ഇതിന് പിന്നാലെ എ.ഐ.എം.ഐ.എം എം.എല്‍.എമാര്‍ ആര്‍.ജെ.ഡിയില്‍ ചേര്‍ന്ന വിവരം തേജസ്വി യാദവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

”ഞങ്ങളുടെ സോഷ്യല്‍ ജസ്റ്റിസ്, സ്‌ക്യുലറിസം എന്നീ ലക്ഷ്യങ്ങളിലേക്ക് ഈ നാല് എം.എല്‍.എമാരും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,” തേജസ്വി യാദവ് പറഞ്ഞു.

ഇനി അമൗര്‍ മണ്ഡലത്തിലെ എം.എല്‍.എ അക്താരുള്‍ ഇമാന്‍ മാത്രമാണ് ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മില്‍ ബാക്കിയുള്ളത്.

നാല് എം.എല്‍.എമാര്‍ കൂടി എത്തിയതോടെ ആര്‍.ജെ.ഡിക്ക് ആകെ 80 എം.എല്‍.എമാരാണ് ഇപ്പോഴുള്ളത്. ഇതോടെ 243 അംഗങ്ങളുള്ള ബീഹാര്‍ വിധാന്‍ സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായും ആര്‍.ജെ.ഡി ഉയര്‍ന്നു.

ആര്‍.ജെ.ഡി നയിക്കുന്ന ഗ്രാന്‍ഡ് അലയന്‍സിന് ഇതോടെ 115 എം.എല്‍.എമാരായി. കോണ്‍ഗ്രസിന്റെ 19 എം.എല്‍.എമാരും സി.പി.ഐ.എം.എല്ലിന്റെയും സി.പി.ഐയുടെയും കൂടി 16 എം.എല്‍.എമാരും ചേര്‍ന്നാണ് ഇത്. എന്നാല്‍ 122 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

77 സീറ്റുകളുമായി ബി.ജെ.പിയാണ് സംസ്ഥാന നിയമസഭയിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി.

ഹൈദരാബാദില്‍ നിന്നുള്ള എം.പിയാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.

Content Highlight: In Bihar, four MLAs from Asaduddin Owaisi’s AIMIM joins RJD