രാജിവെക്കാനൊരുക്കമല്ല, അവസാനം വരെ പോരാടും: ഇമ്രാന്‍ ഖാന്‍
World News
രാജിവെക്കാനൊരുക്കമല്ല, അവസാനം വരെ പോരാടും: ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st March 2022, 9:44 pm

ഇസ്‌ലാമാബാദ്: രാജ്യം സങ്കീര്‍ണമായ ഘട്ടത്തിലാണെന്നും താന്‍ രാജിവെക്കാനൊരുക്കമല്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ഭരണത്തിലെ നേട്ടങ്ങളെണ്ണി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

‘പാകിസ്ഥാന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടു. രാഷ്ട്രീയത്തിലിറങ്ങിയത് മുന്‍ഗാമികളുടെ ലക്ഷ്യം സാധ്യമാക്കാനാണ്. ദൈവം എനിക്ക് എല്ലാം നല്‍കി, ഞാന്‍ സന്തുഷ്ടനാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പരമാവധി പ്രയത്‌നിച്ചു. പാകിസ്ഥാന് എങ്ങനെയുള്ള വിദേശ നയമാണ് വേണ്ടതെന്ന കാര്യത്തില്‍ എനിക്ക് ചിലത് പറയാനുണ്ട്. മുഷ്‌റഫ് പാകിസ്ഥാനെ അമേരിക്കന്‍ വലയില്‍ എത്തിച്ചു. അമേരിക്ക നമ്മളെ ആക്രമിക്കുകയും അതില്‍ ഒരുപാട് പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. മറ്റുള്ളവര്‍ നടത്തുന്ന യുദ്ധത്തില്‍ പാകിസ്ഥാന്‍ എന്തിന് ഇടപെടണം. ഇക്കാര്യങ്ങളിലെല്ലാം ആലോചന വേണം.

എന്നാല്‍ ഞാന്‍ രാജ്യത്തെ ആരുടെ മുന്നിലും അടിയറവ് വെക്കാന്‍ സമ്മതിക്കില്ല. പാകിസ്ഥാന്‍ അസംബ്ലി അവിശ്വാസം ചര്‍ച്ചക്കെടുത്തില്ല. ദേശീയ അസംബ്ലി മൂന്നാം തിയതി വരെ പിരിഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ രാജ്യം ശ്രമിച്ചു. അതില്‍ പാകിസ്ഥാനില്‍ നിന്നുള്ളവര്‍ പങ്കാളികളായി. ഞാന്‍ അവസാനം വരെ പോരാടും,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അവിശ്വാസപ്രമേയ ചര്‍ച്ച നടക്കാനിരിക്കെ പാകിസ്ഥാന്‍ ദേശീയ അസംബ്ലി ഏപ്രില്‍ മൂന്ന് വരെ പിരിഞ്ഞതിന് പിന്നാലെയാണ് ഇമ്രാമന്‍ ഖാന്റെ പ്രതികരണം. വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സഭ പിരിഞ്ഞത്. പ്രമേയത്തിലുള്ള ചര്‍ച്ച ഞായറാഴ്ച നടക്കും.

അവിശ്വാസ പ്രമേയം നേരിടുന്ന ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷമായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന്‍ (എം.ക്യു.എം.പി) ധാരണയിലെത്തിയത്.

പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയ കാര്യം മുതിര്‍ന്ന എം.ക്യു.എം നേതാവ് ഫൈസല്‍ സബ്‌സ്വാരിയും സ്ഥിരീകരിച്ചു. എം.ക്യു.എം. പിയുമായി ധാരണയായതോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുതന്നെ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്.

342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണ നേടേണ്ടതുണ്ട്.

ഭരണകക്ഷിയായ ഇമ്രാന്‍ ഖാന്റെ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിക്ക് 155 സീറ്റുകളാണുള്ളത്. 2018ല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് 179 അംഗങ്ങളുമായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്.

ഇപ്പോള്‍ എം.ക്യു.എം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ സര്‍ക്കാരിന് 164 പേരുടെ പിന്തുണയാണുള്ളത്. ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും.

Content Highlights: Imran Khan says about his resignation