ഭീകരവാദ കേസുകളില്‍ ഇമ്രാന്‍ ഖാന് ജാമ്യം
World News
ഭീകരവാദ കേസുകളില്‍ ഇമ്രാന്‍ ഖാന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2023, 8:47 pm

ഇസ്‌ലാമാബാദ്: ഭീകരവാദക്കുറ്റം ചുമത്തിയ രണ്ട് കേസുകളില്‍ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഒരാഴ്ചത്തേക്ക് പാക് കോടതി ജാമ്യമനുവദിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്ന നാള്‍ മുതല്‍ ഇമ്രാന്‍ ഖാനെതിരെ ഇടതടവില്ലാതെ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

തോഷാഖാന കേസില്‍ ഇമ്രാന്‍ ഖാനെ ലാഹോറിലെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നേരത്തെ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന സമയത്ത് വില കൂടിയ സമ്മാനങ്ങള്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നതാണ് തോഷാഖാന കേസ്.

അഴിമതി കേസില്‍ കോടതിയില്‍ ഹാജരാകാനായി ഇസ്‌ലാമാബാദിലേക്ക് വരുന്നതിന് മുമ്പ് അനുയായികളോട് കലാപാഹ്വാനം നടത്തി എന്നതാണ് ഇമ്രാന്‍ ഖാനെതിരായ പുതിയ ഭീകരവാദ കേസ്. അന്ന് കോടതിക്ക് പുറത്ത് വെച്ച് തെഹ്‌രീഖ്-ഇ-ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

തെഹ്‌രീഖ്-ഇ-ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനായ ഇമ്രാന്‍ ഖാനെതിരായ ഭീകരവാദ സംബന്ധമായ കേസുകളെല്ലാം തന്നെ രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി നേതാവ് ഫവാദ് ചൗധരി പ്രതികരിച്ചു.

അതിനിടെ കോടതി നടപടികളില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത്താ ബന്ദ്യാലിന് കത്തയച്ചിരുന്നു. നേരിട്ട് ഹാജരാകുന്നത് ജീവന് ഭീഷണിയാണെന്നും, തനിക്കെതിരായ കേസുകളെല്ലാം ഒരുമിച്ച് പരിഗണിക്കണമെന്നും കത്തില്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഭീകരവാദം, കൊലപാതകം, കൊലപാതക ശ്രമം, ദൈവനിന്ദ, വിശ്വാസവഞ്ചന എന്നിവയുള്‍പ്പെടെ നൂറോളം കേസുകളാണ് രാജ്യത്ത് ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Content Highlights: Imran Khan granted bail in terrorism cases