സുപ്രധാന ചുവടുവെപ്പ്; ട്രംപിന്റെ ഗസ പദ്ധതി അംഗീകരിച്ചതിന് പിന്നാലെ ഗുട്ടറസ്
Israel–Palestinian conflict
സുപ്രധാന ചുവടുവെപ്പ്; ട്രംപിന്റെ ഗസ പദ്ധതി അംഗീകരിച്ചതിന് പിന്നാലെ ഗുട്ടറസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th November 2025, 7:52 am

ഹേഗ്: ഗസയുടെ സമാധാനത്തിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 21 ഇന പദ്ധതിയെ ‘സുപ്രധാനമായ ചുവടുവെപ്പ്’ എന്ന് വിശേഷിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. യു.എന്‍ സുരക്ഷാ സമിതി യു.എസ് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഗുട്ടറസിന്റെ പ്രതികരണം.

ഗസയിലെ രണ്ട് വര്‍ഷത്തെ വിനാശകരമായ യുദ്ധം അവസാനിപ്പിക്കാന്‍ മുമ്പിലൊരു ഒരു പാതയുണ്ടെന്ന് ഗുട്ടറസ് എക്സില്‍ കുറിച്ചു. ഇത് വ്യക്തമായ ഒരു മാറ്റമാണെന്നും ഗസയിലെ ജനങ്ങള്‍ സ്ഥിരതയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയെ ആയുധങ്ങളില്‍ നിന്ന് മുക്തമാക്കാനും വെടിനിര്‍ത്തലിനെ ശാശ്വത സമാധാനമാക്കി മാറ്റാനും ശ്രമമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇസ്രഈല്‍-ഹമാസ് തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ ഗുട്ടറസ് അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം യു.എസ് പ്രമേയത്തെ അംഗീകരിച്ച യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനത്തില്‍ നിരവധി ആളുകളാണ് ആശങ്ക അറിയിക്കുന്നത്. വോട്ടെടുപ്പില്‍ വിട്ടുനിന്ന റഷ്യക്കും ചൈനയ്ക്കുമെതിരെ വിമര്‍ശനവുമുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടാന്‍ മാത്രമുള്ള അടിസ്ഥാന തത്വങ്ങളും വിശദാംശങ്ങളും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുരാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

ഫലസ്തീനികള്‍ക്ക് നീതി ലഭിക്കണമെന്ന് യു.എന്നിലെ അള്‍ജീരിയന്‍ അംബാസിഡര്‍ അമര്‍ ബെന്‍ഡ്ജാമ പറഞ്ഞു. യു.എസിന്റെ നീക്കങ്ങളെ അഭിനന്ദിക്കുന്നുവെന്നും എന്നാല്‍ ഗസയിലെ മനുഷ്യര്‍ക്ക് സമാധാനം ഉണ്ടാകാതെ ഈ ഇടപെടല്‍ വിജയിക്കില്ലെന്നാണ് അമര്‍ പറഞ്ഞത്.

അതേസമയം യു.എസ് പ്രമേയം പാസാക്കിയത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായി മാറുമെന്ന് ട്രംപ് ടൂത്ത് സോഷ്യലില്‍ കുറിച്ചു.

ഗസയിലെ സമാധാനം ഏകോപിപ്പിക്കുന്നതിനായി മേഖലയില്‍ താത്കാലിക അന്താരാഷ്ട്ര സേനയെ നിയോഗിക്കാനാണ് യു.എസ് പ്രമേയം നിര്‍ദേശിക്കുന്നത്. കൂടാതെ ഗസയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സമാധാന ബോര്‍ഡ് രൂപീകരിക്കാനും നിര്‍ദേശമുണ്ട്.

ഈ ബോര്‍ഡിന്റെ ചെയര്‍മാന്‍ താന്‍ തന്നെയായിരിക്കുമെന്ന് പ്രമേയം പാസായതിന് പിന്നാലെ ട്രംപ് ആവര്‍ത്തിച്ചു. ലോക നേതാക്കള്‍ക്ക് ബോര്‍ഡില്‍ സ്ഥാനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

പ്രമേയം അനുസരിച്ച്, 2027ഓടെ ഗസയിലെ സമാധാന ബോര്‍ഡിന്റെയും അന്താരാഷ്ട്ര സേനയുടെയും കാലാവധി പൂര്‍ത്തിയാകും.

Content Highlight: Important step; Guterres after endorsing Trump’s Gaza plan