ലഖ്‌നൗ: നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഗൂഢാലോചനയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സ്വത്വത്തെ ദുര്‍ബലപ്പെടുത്തുമെന്നും തന്റെ ഭരണത്തിന് കീഴില്‍ അത് വെച്ചുപൊറുപ്പിക്കില്ലെന്നും യോഗി പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ബല്‍റാംപൂരില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് വിദേശഫണ്ടിങ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘ഞങ്ങള്‍ ബല്‍റാംപൂരില്‍ വലിയ രീതിയിലുള്ള അന്വേഷണം നടത്തുന്നുണ്ട്. അദ്ദേഹത്തിന് (ജലാലുദ്ദീന്‍ അലിയാസ് ചിന്‍ഗുര്‍ ബാബ) വിദേശ സഹായം ലഭിച്ചിട്ടുണ്ട്,’ യോഗി പറഞ്ഞു. അദ്ദേഹത്തിന്റെ 40 അക്കണ്ടുകളിലായി 100 കോടിയോളം ട്രാന്‍സാക്ഷന്‍ നടന്നതായും യോഗി ആരോപിച്ചു.
ശ്രീ തേഗ് ബഹദൂര്‍ സന്ദേശ് യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക, സാമൂഹിക സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നതെന്ന് യോഗി പറഞ്ഞു.
ചില ശക്തികള്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ മാറ്റാന്‍ മനപൂര്‍വം ശ്രമിക്കുന്നുവെന്നും ഇത് സാമൂഹിക ഐക്യത്തിനു നേരെയുള്ള ആക്രമണമാണെന്നും ഇത് സഹിക്കാന്‍ കഴിയില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി വിഭാഗങ്ങളെ വശീകരിച്ച് മതം മാറ്റാന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇത്തരം പ്രവൃത്തികള്‍ ഭരണഘടനയുടെ ആത്മാവിനും സാമൂഹിക സമത്വത്തിനും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഗള്‍ ഭരണാധികാരിയായ ഔറംഗസേബിനേയും യോഗി തന്റെ പ്രസംഗത്തിനിടെ വിമര്‍ശിക്കുകയുണ്ടായി. ഔറംഗസേബ് സനാതന ധര്‍മ്മത്തെ അടിച്ചമര്‍ത്താനും ഇസ്‌ലാമിക ആധിപത്യം സ്ഥാപിക്കാനും ശ്രമിച്ചുവെന്നും എന്നാല്‍ ഗുരു തേജ് ബഹദൂര്‍ അതിനെതിരെ പോരാടി തന്റെ ആശയങ്ങള്‍ അടിയുറവ് വെക്കാതെ രക്തസാക്ഷിത്വം വരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Illegal religious conversion is a conspiracy against nation says Yogi Adityanath