'എനിക്ക് പറ്റുന്നത്ര ശക്തിയില്‍ ബാര്‍ബറ്റോവിനെ ഞാന്‍ ചവിട്ടും'; മഞ്ഞപ്പടയുടെ പടത്തലവനെ വെല്ലുവിളിച്ച് ബംഗളൂരു എഫ്.സിയുടെ പ്രതിരോധ ഭടന്‍ ജോണ്‍സന്‍
Daily News
'എനിക്ക് പറ്റുന്നത്ര ശക്തിയില്‍ ബാര്‍ബറ്റോവിനെ ഞാന്‍ ചവിട്ടും'; മഞ്ഞപ്പടയുടെ പടത്തലവനെ വെല്ലുവിളിച്ച് ബംഗളൂരു എഫ്.സിയുടെ പ്രതിരോധ ഭടന്‍ ജോണ്‍സന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th November 2017, 6:45 pm

ബംഗളൂരു: ഐ.എസ്.എല്ലിന്റെ നാലാം പതിപ്പിന് കൊടി ഉയരാന്‍ ഇനി നാളുകള്‍ മാത്രമാണ് ബാക്കി. രണ്ട് പുതുമുഖങ്ങളും ഇത്തവണ സൂപ്പര്‍ ലീഗിന് ബൂട്ടുകെട്ടുന്നുണ്ട്. പുതിയ ടീമായ ബംഗളൂരു എഫ്.സിയ്ക്കും ആരാധകര്‍ക്കും എന്നാല്‍ അതിന്റെ ഭയമൊന്നുമില്ല. ഐ ലീഗിലേയും എ.എഫ്.സിയിലേയും അനുഭവ സമ്പത്ത് ഗോളാക്കി മാറ്റാനാണ് ടീമിന്റെ ലക്ഷ്യം.

ബംഗളൂരു ടീമിന്റെ പ്രധാന കരുത്തുകളിലൊന്ന് പ്രതിരോധത്തിലെ പുലിയായ ജോണ്‍ ജോണ്‍സന്‍ എന്ന ഇംഗ്ലീഷുകാരനാണ്. ടീമിന്റെ ഇതുവരെയുള്ള പ്രകടനങ്ങളിലെല്ലാം ജോണ്‍സിന്റെ പങ്കാളിത്തം വിലപ്പെട്ടതായിരുന്നു.

ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുമ്പുതന്നെ തന്റെ പ്രധാന പ്രതിയോഗിയേയും ജോണ്‍സണ്‍ തീരുമാനിച്ചു കഴിച്ചു. ബംഗളൂരുവിന്റെ ആരാധകക്കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ മുഖ്യ ശത്രുക്കളായ മഞ്ഞപ്പടയുടെ പടത്തലവന്‍ ദിമിതര്‍ ബാര്‍ബറ്റോവാണ് ജോണ്‍സന്റെ മുഖ്യ എതിരാളി.

ബ്ലാസ്‌റ്റേഴ്‌സില്‍ തന്റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ബാര്‍ബറ്റോവിലാണ് ടീമിന്റെ മുഴുവന്‍ പ്രതീക്ഷയും. ബാര്‍ബറ്റോവിനെ കുറിച്ച് ജോണ്‍സണ്‍ പറയുന്നത് ഇങ്ങനെയാണ്.


Also Read: ‘അവിടെ പാലു കാച്ചല്‍ ഇവിടെ മിന്നു കെട്ട്’; ലങ്കാദഹനത്തിനിടെ മിന്നുകെട്ടാന്‍ തയ്യാറെടുത്ത് ഭുവനേശ്വര്‍; കൂട്ടുകാര്‍ക്കായി ഒരുക്കന്നത് കിടിലന്‍ ട്രീറ്റ്


” ബാര്‍ബറ്റോവ്? എനിക്ക് പറ്റുന്നത്ര ശക്തിയില്‍ ഞാനവനെ ചവിട്ടും. പക്ഷെ അയാളൊരു നല്ല കളിക്കാരനാണ്. ടോപ്പ് ലെവലില്‍ കളിച്ചിട്ടുള്ള താരമാണ്. അവര്‍ക്ക് അയാളൊരു കരുത്താകുമെന്നുറപ്പാണ്. അയാളെ, പ്രത്യേകിച്ചും ബോക്‌സിന് അരികില്‍ വളരെ സൂക്ഷിക്കേണ്ടി വരും. അവന്‍ അപകടകാരിയാണ്. പക്ഷെ ഞങ്ങള്‍ തയ്യാറായിരിക്കും അവനും റെഡിയായിരിക്കണം.”

ഐ.എസ്.എല്ലിന്റെ സമ്മര്‍ദ്ദങ്ങളെ ഹാന്‍ഡില്‍ ചെയ്യാന്‍ ടീം തയ്യാറാണെന്നും ജോണ്‍സന്‍ പറയുന്നു. മറ്റ് ടീമുകളില്‍ നിന്നും വ്യത്യസ്തമായി ബംഗളൂരുവിന്റെ കെമിസ്ട്രി ശക്തമാണെന്നും ജോണ്‍സന്‍ പറയുന്നു. അതേസമയം തങ്ങള്‍ക്കുള്ള പരിമിതികളെ കുറിച്ച് വ്യക്തമായി അറിയാമെന്നും താരം പറയുന്നു.

എന്നാല്‍ ടീം കപ്പുയര്‍ത്തുമെന്ന് പറയാന്‍ കഴിയില്ലെന്നും മറ്റ് ടീമുകളുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് അറിയേണ്ടതുണ്ടെന്നും താരം വ്യക്തമാക്കുന്നു.