മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഇന്ത്യന്‍ പെര്‍ഫോമന്‍സ് റൈറ്റ്സ് സൊസൈറ്റിയുടെ മലയാള വിഭാഗം ഡയറക്ടറായും കേരള കലാമണ്ഡലം, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ഭരണസമിതിയംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒട്ടനവധി മികച്ച ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ 48ാം
വയസില്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ ഇളയരാജ. ഇരുവരും ഒന്നിച്ചാണ് മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയത്. മനസ്സിനക്കരെ സിനിമയുടെ ചിത്രീകരണ സമയത്ത് ഗിരീഷുമായി ഒരുപാട് സംസാരിച്ചിരുന്നുവെന്നും താന്‍ സംഗീതം നല്‍കിയ പാട്ടുകളെല്ലാം ഗിരീഷിന് കാണാപാഠം ആയിരുന്നുവെന്നും ഇളയരാജ പറയുന്നു.
താന്‍ മലയാളികള്‍ക്ക് ഒരുപാട് നല്‍കിയെന്ന് പറഞ്ഞ് ഗിരീഷ് നന്ദി പറഞ്ഞെന്നും അപ്പോള്‍ പകരമായി ഗിരീഷ് പുത്തഞ്ചേരി മദ്യപാനം നിര്‍ത്തണമെന്ന് താന്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ഇനി ഒരിക്കലും കുടിക്കില്ലെന്ന് വാക്ക് നല്‍കിയെന്നും എന്നാല്‍ ആ വാക്ക് വെറും വാക്കായെന്നും ആ വാക്ക് പാലിക്കാത്തതിനാലാണ് ഇത്രവേഗം ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞതെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു.
‘മനസ്സിനക്കരെയുടെ ചിത്രീകരണ സമയത്ത് ഗിരീഷുമായി ഒരുപാട് സംസാരിച്ചു. ഞാന്‍ സംഗീതം നല്‍കിയ പാട്ടുകളധികവും ഗിരീഷിന് കണാപാഠമായിരുന്നു. ഒരുമിച്ചുള്ളൊരു ബോട്ടുയാത്രയില്‍ ഗിരീഷ് എന്റെ പാട്ടുകളെ കുറിച്ച് വാചാലനായി. പാട്ടുകള്‍ ചൊല്ലി കേള്‍പ്പിച്ചു. ആ സംഭാഷണങ്ങള്‍ ഇന്നും ഓര്‍മയിലുണ്ട്.
ഞാന്‍ മലയാളികള്‍ക്ക് ഒരുപാടൊരുപാട് നല്‍കിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സംസാരം നന്ദി പറച്ചിലിലേക്കെത്തിയപ്പോള്‍ ‘ഇതിനൊക്കെ പകരമായി നിങ്ങള്‍ എനിക്കെന്തു നല്‍കും’ എന്നായി എന്റെ ചോദ്യം. ‘സാറിനെന്തുവേണം? എന്തുചോദിച്ചാലും തരാനൊരുക്കമാണ്’ എന്ന് ഗിരീഷ് പറഞ്ഞു. ഗിരീഷിന് മറുപടിപറയാന്‍ കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല.
കുടിനിര്‍ത്തണം എന്നൊരു വാക്കാണ് അന്ന് ഞാന്‍ ഗിരീഷിനോട് തിരിച്ചു ചോദിച്ചത്. അയാളെന്റെ ഇരുകയ്യും കുട്ടിപ്പിടിച്ച് തൊഴുതുനിന്ന് ‘ഇനി കുടിക്കില്ല’ എന്ന് കണ്ണടച്ച് ഉരുവിട്ടു. പക്ഷേ ആ വാക്ക് വെറും വാക്കായി. അതു പാലിക്കാന്‍ ഗിരീഷിനായില്ല. അതുതന്നെയാണ് അയാളെ ഇത്രവേഗത്തില്‍ നമ്മളില്‍ നിന്ന് കൊണ്ടുപോയതും,’ ഇളയരാജ പറയുന്നു.