ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എല്ലാ കാലവും സജീവമായി നിലനില്‍ക്കുന്നതാണ്.
ഗോട്ട് ഡിബേറ്റില്‍ ഏതു താരമാണ് മികച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്പാനിഷ് ഇതിഹാസം ഐക്കര്‍ കസിയസ്. റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് കാസിയസ് മികച്ച താരമായി തെരഞ്ഞെടുത്തത്. കളിക്കളത്തില്‍ റൊണാള്‍ഡോയെക്കാള്‍ വേഗതയുള്ള താരം മെസിയാണെന്നും കസിയസ് ഡയറക്റ്റൊ ഗോളിന് നല്‍കിയ അഭിമുഖത്തില്ലാണ് മുന്‍ സ്പാനിഷ് താരം ഗോട്ട് ഡിബേറ്റിനെക്കുറിച്ച് സംസാരിച്ചത്.
”ഫുട്ബോളിലെ ഏറ്റവും മികച്ച താരം മെസിയാണ്. അദ്ദേഹത്തെ റൊണാള്‍ഡോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യാസങ്ങളുണ്ട്. ആളുകള്‍ എല്ലായ്പ്പോഴും മെസിയെയും റൊണാള്‍ഡോയെയും കുറിച്ച് പറയുന്നു. മെസി പന്ത് കാലില്‍ കൊണ്ട് നടക്കുന്നവനാണ്. അദ്ദേഹം കളിക്കളത്തില്‍ മികച്ച വേഗതയുള്ള താരമാണ്. മെസിയുടെ ഷോട്ടുകളെല്ലാം വളരെ മികച്ചതാണ്. അതുകൊണ്ട് ഞാന്‍ റൊണാള്‍ഡോക്ക് പകരം ഞാന്‍ മെസിയെ മികച്ചതായി തെരഞ്ഞെടുക്കും” കസിയസ് പറഞ്ഞു.
സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ബാഴ്‌സയില്‍ കളിച്ചാണ് മെസി ഒരു ഇതിഹാസമായി മാറിയത്.
ബാഴ്‌സലോണക്കായി നീണ്ട 17 വര്‍ഷക്കാലത്തെ ഫുട്‌ബോള്‍ യാത്രയാണ് മെസി നടത്തിയത്. ബാഴ്‌സലോണക്കായി 778 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കറ്റാലന്‍മാര്‍ക്കൊപ്പം നീണ്ട വര്‍ഷത്തെ ഫുട്‌ബോള്‍ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. 10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്‌സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്.
അതേസമയം രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനലിസ്മ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.
Content Highlight: Iker Casillas talks about cristiano ronaldo and lionel messi