ജാതിവിവാദങ്ങളില്‍ കുടുങ്ങി വീണ്ടും മദ്രാസ് ഐ.ഐ.ടി; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

ദളിത് സമൂഹങ്ങള്‍ താമസിക്കുന്ന ഭാഗത്തേക്കുള്ള ഗേറ്റ് സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയതിനെതിരെ ചെന്നൈ ഐ.ഐ.ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ക്യാമ്പസില്‍ കൂടുതല്‍ ശക്തി പ്രാപിച്ചുവരികയാണ്. ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തിന് പൊതുസമൂഹത്തില്‍ നിന്നും പിന്തുണയേറി വരികയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25നാണ് ഐ.ഐ.ടി മദ്രാസിലെ കൃഷ്ണ ഗേറ്റ് അധികൃതര്‍ അടച്ചുപൂട്ടിയത്. ഐ.ഐ.ടി ആരംഭിച്ച കാലം മുതല്‍ ആദി ദ്രാവിഡ വിഭാഗക്കാര്‍ പ്രധാനമായും താമസിക്കുന്ന വേലച്ചേരിയോട് ചേര്‍ന്നുള്ള ഈ പ്രവേശന കവാടം ഉപയോഗത്തിലുണ്ട്.

ഐ.ഐ.ടി സ്ഥാപിക്കുന്നതിനായി 76 ഏക്കര്‍ ഭൂമിയാണ് അന്ന് വേലച്ചേരി നിവാസികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ ഇവരുടെ ആരാധനാ കേന്ദ്രമായ പീലിഅമ്മന്‍ കോവിലും ഉള്‍പ്പെട്ടു. ഭൂമി നല്‍കിയതിന് പകരമായി ക്യാമ്പസിലേക്ക് പ്രവേശനവും ജോലിയും വേലച്ചേരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ.ടിയില്‍ പഠിക്കാന്‍ ഉതകുന്ന തരത്തിലുള്ള സംവരണനടപടികളും അന്നത്തെ സര്‍ക്കാരിന്റെയും ഐ.ഐ.ടി അധികൃതരുടെയും നേതൃത്വത്തില്‍ വാഗ്ദാനം ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗേറ്റ് അടച്ചതിനെതിരെ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിനികളാണ് പ്രധാനമായും സമരത്തിനിറങ്ങിയിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഗേറ്റ് പൂട്ടുന്നതെന്ന അധികൃതരുടെ വാദം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇവര്‍. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനിക്ക് നേരെ അക്രമം നടന്നിരുന്നു എന്നാല്‍ അത് കൃഷ്ണ ഗേറ്റ് പരിസരത്തല്ലെന്നും രാത്രിയില്‍ പോലും തികച്ചും സുരക്ഷിതമായി കടന്നുപോകാവുന്ന പ്രദേശമാണ് വേലച്ചേരിയെന്നും പ്രതിഷേധ സമരത്തിനിറങ്ങിയ നിരവധി വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാണിക്കുന്നു. ഗേറ്റ് തുറക്കണമെന്ന ആവശ്യമുന്നയിച്ച് ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. 1500 വിദ്യാര്‍ത്ഥികള്‍ ഒപ്പുവെച്ച നിവേദനവും ഇവര്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

സമരം ശക്തമായതോടെ വിവിധ സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും പ്രശ്നത്തില്‍ ഇടപെട്ട് തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയിലും വിഷയം ചര്‍ച്ചയായിരുന്നു.

തമിഴ്നാടില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും വി.സി.കെ പാര്‍ട്ടി നേതാവുമായ തോള്‍ തിരുമാവളവന്‍ വിഷയത്തില്‍ ഐ.ഐ.ടി അധികൃതര്‍ക്ക് കത്ത് നല്‍കി. ‘മറ്റു വിഭാഗക്കാര്‍ താമസിക്കുന്ന ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നുകിടക്കുകയും ആദിദ്രാവിഡ വിഭാഗക്കാര്‍ മാത്രം താമസിക്കുന്ന ഭാഗത്തേക്ക് മാത്രമുള്ള ഗേറ്റ് അടച്ചിടുകയും ചെയ്യുന്നത് തൊട്ടുകൂടായ്മ തന്നെയാണ്. ഈ വിഭാഗക്കാരുടെ ഉപജീവനമാര്‍ഗത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, ജാതീയമായ നിയമലംഘനം കൂടിയാണിത്.’ തിരുമാവളവന്‍ കത്തില്‍ പറയുന്നു.

കൃഷ്ണ ഗേറ്റ് പരിസരത്ത് നിന്നും ആറ് മാസം മുന്‍പ് നിരോധിച്ച ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന ചില സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്തിരുന്നെന്നും എന്നാല്‍ ആ ഒരു ഗേറ്റ് പരിസരത്ത് മാത്രം നടക്കുന്ന സംഭവമല്ലെന്നും എ.സി.പി പി.കെ രവി ഹഫിങ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു. അവിടെ താമസിക്കുന്ന ജനങ്ങളെ മുഴുവന്‍ ഇക്കാര്യത്തില്‍ കുറ്റക്കാരായി കാണാന്‍ സാധിക്കുകയില്ലെന്നും എ.സി.പി വ്യക്തമാക്കി.

ഇത് ആദ്യമായല്ല ഐ.ഐ.ടി മദ്രാസിനെതിരെ ജാതീയമായ നടപടികളുടെ പേരില്‍ പ്രതിഷേധമുയരുന്നത്. കേരളത്തില്‍ നിന്നുള്ള ബിരുദവിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയോടെ മദ്രാസ് ഐ.ഐ.ടി ജാതിക്കോട്ടയാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ അധ്യാപിക വസന്ത കന്തസ്വാമി രംഗത്തെത്തിയിരുന്നു. ദളിത്- മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ.ടിയിലെ ജീവിതം അതികഠിനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ മുറി ലഭിക്കാന്‍ പോലും പ്രായസമാണ്. ‘മനു’വിന്റെ നിയമങ്ങളാണ് അവിടെ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. സ്ത്രീകളും ദളിതരും വിദ്യ അഭ്യസിക്കരുതെന്നാണല്ലോ പറയുന്നതെന്ന് പ്രൊഫ. വസന്ത കന്തസ്വാമി പറഞ്ഞിരുന്നു.

ക്വാളിഫിക്കേഷന്‍ ഉണ്ടായിട്ടുപോലും ദളിത് അധ്യാപകര്‍ക്ക് പ്രൊഫസര്‍ഷിപ്പ് പോലും കൊടുക്കില്ലെന്നും ദളിത് വിദ്യാര്‍ത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങള്‍ സവര്‍ണ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്തുകൊടുക്കുന്ന രീതി പോലും ഇവിടെയുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ ഇന്‍സിറ്റിറ്റിയൂഷന്‍ മര്‍ഡറാണെന്ന് ആരോപിച്ചുകൊണ്ട് മുന്‍ വിദ്യാര്‍ത്ഥികളടക്കം രംഗത്ത് വന്നിരുന്നു. ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന വേലച്ചേരി ഭാഗത്തേക്കുള്ള കൃഷ്ണ ഗേറ്റ് മാത്രം അടച്ചുപൂട്ടിയതോടെ മദ്രാസ് ഐ.ഐ.ടി അധികൃതരുടെ ജാതീയ നടപടികള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.