മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന സംഗീത സംവിധായകരാണ് ബേണിയും ഇഗ്നേഷ്യസും.തേന്മാവിന്‍ കൊമ്പത്ത്, പുലിവാല്‍കല്യാണം, ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, കല്യാണരാമന്‍, കാര്യസ്ഥന്‍, വെട്ടം എന്നിങ്ങനെ മലയാളികള്‍ ഏറ്റെടുത്ത സിനിമയിലെ ഗാനങ്ങള്‍ ഇരുവരും ചേര്‍ന്ന് മലയാള സിനിമക്ക് സമ്മാനിച്ചതാണ്.
ഇപ്പോള്‍ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് സംസാരിക്കുകയാണ് ഇഗ്നേഷ്യസ്. ഗിരീഷ് പുത്തഞ്ചേരിയെ താന്‍ ഒരുപാട് തവണ ഉപദേശിച്ചിട്ടുണ്ടെന്നും തങ്ങള്‍ തമ്മില്‍ വഴക്കുകളുണ്ടായിട്ടുണ്ടെന്നും ഇഗ്നേഷ്യസ് പറയുന്നു. ഗിരീഷ് പുത്തഞ്ചേരി മദ്യപിച്ച് കഴിഞ്ഞാല്‍ വേറൊരു സ്വഭാവക്കാരനാണെന്നും മറ്റുള്ളവരോട് തോന്നിയതുപോലെയൊക്കെ സംസാരിക്കുമെന്നും അത് തനിക്ക് ഒട്ടും തന്നെ ഇഷ്ടമായിരുന്നില്ലെന്നും ഇഗ്നേഷ്യസ് പറഞ്ഞു.
ഈ കാര്യത്തില്‍ താനും ഗിരീഷ് പുത്തഞ്ചേരിയും തമ്മില്‍ ഒരുപാട് വഴക്കുണ്ടായിട്ടുണ്ടെന്നും അകല്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ രമേഷ് നായരുമായി ഒരുപാട് കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും ഇഗ്നേഷ്യസ് പറഞ്ഞു. ജാങ്കോ സ്‌പേസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗിരീഷ് പുത്തഞ്ചേരിയെ ഞാന്‍ ഒരുപാട് തവണ ഉപദേശിച്ചിട്ടുണ്ട്. അയാളോട് ഒരുപാട് തവണ വഴക്കുണ്ടായിട്ടുണ്ട്. കാരണം അയാള്‍ മദ്യപിച്ച് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വേറൊരു സ്വഭാവക്കാരനാകും. പിന്നെ അടുത്ത് നില്‍ക്കുന്നയാള്‍ അടുപ്പമുള്ളയാളാണോ എന്നോ അകലമുള്ള ആളാണ് എന്നോ ഒന്നും പ്രശ്‌നമൊന്നും ഇല്ല. പുള്ളിക്ക് തോന്നിയതൊക്കെ വിളിച്ച് പറയും.
എനിക്കത് ഇഷ്ടമല്ല. അതിന്റെ പേരില്‍ ഞാനും അയാളുമായിട്ട് മുട്ടന്‍ വഴക്കുണ്ടായിട്ടുണ്ട്. അതിന് ശേഷമാണ് ഞാനും പുള്ളിയുമായിട്ട് കുറച്ച് അകന്നത്. എന്നാല്‍ കാണുമ്പോള്‍ സ്‌നേഹവും കെട്ടിപിടുത്തമൊക്കെ ഉണ്ട്. എങ്കിലും വര്‍ക്കിന്റെ കാര്യത്തില്‍ പുള്ളിയായിട്ട് യോജിക്കാന്‍ പറ്റില്ല. അങ്ങനെ ഞാന്‍ രമേഷ് നായരെ പ്രൊമോട്ട് ചെയ്യാന്‍ തുടങ്ങി. അങ്ങനെ രമേഷ് നായരും ഞാനുമായിട്ട് ഒരുപാട് കാലം വര്‍ക്ക് ചെയ്തിട്ടുണ്ട്,’ ഇഗ്നേഷ്യസ് പറയുന്നു.
Content highlight: Ignatius is talking about lyricist Girish Puthencherry.