മികച്ചത് അറിയിപ്പ്, ജനപ്രിയം നന്‍പകല്‍ നേരത്ത് മയക്കം
Entertainment news
മികച്ചത് അറിയിപ്പ്, ജനപ്രിയം നന്‍പകല്‍ നേരത്ത് മയക്കം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th December 2022, 8:18 pm

27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊടിയിറക്കം. ഐ.എഫ്.എഫ്.കെ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം മഹേഷ് നാരയണന്‍ സംവിധാനം ചെയ്ത അറിയിപ്പിനാണ്. മഹേഷ് നാരയണന്‍ പുരസ്‌കാരം ഏറ്റ് വാങ്ങി.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തെ ജനപ്രിയ ചിത്രമായും തെരഞ്ഞെടുത്തു. നന്‍പകല്‍ നേരത്ത് മയക്കം കാണാനായി വന്‍ ജനാവലിയായിരുന്നു ആദ്യ ദിവസം തന്നെ ഉണ്ടായത്.

റിസര്‍വ് ചെയ്തവര്‍ക്ക് വരെ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്. ചിത്രം കാണാനായി രാവിലെ 9 മണിമുതല്‍ തന്നെ വലിയ ക്യൂവായിരുന്നു തിയറ്ററിന് മുന്നില്‍ അനുഭവപ്പെട്ടത്.

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരമാണ് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ അറിയിപ്പിന് ലഭിച്ചത്. ഐ.എഫ്.എഫ്.കെ ക്ക് പുറമെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ചിത്രമിപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

ഒരു സിനിമാകാഴ്ച എന്നതിനേക്കാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച അനുഭവമാണ് അറിയിപ്പെന്നാണ് പ്രേക്ഷകരില്‍ നിന്നുമുള്ള പ്രതികരണം. കുഞ്ചാക്കോ ബോബനൊപ്പം ദിവ്യ പ്രഭയും മികച്ച പെര്‍ഫോമന്‍സാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്.

27ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനവേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് കാണികളുടെ കൂവലാണ് ലഭിച്ചത്.
ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് പുരോഗമിക്കവേ സംവിധായകന്‍ രഞ്ജിത് സംസാരിക്കാനായി എഴുന്നേറ്റപ്പോഴാണ് കാണികള്‍ക്കിടയില്‍ നിന്ന് കൂവലുയര്‍ന്നത്.

ഇതോടെ കൂവല്‍ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജത്ത് മറുപടി പറഞ്ഞു. തലസ്ഥാന നഗരിയെ മനോഹരമാക്കിയ എട്ട് ദിനരാത്രങ്ങളാണ് ഇന്ന് അവസാനിച്ചത്.

content highlight: iffk film awards anounced