ഫീസ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് നേടൂ: സ്വകാര്യ മെഡിക്കല്‍ കോളേജ് ഫീസിന് പരിധി നിശ്ചയിക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി
India
ഫീസ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് നേടൂ: സ്വകാര്യ മെഡിക്കല്‍ കോളേജ് ഫീസിന് പരിധി നിശ്ചയിക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി
നിഷാന. വി.വി
Thursday, 25th June 2026, 8:48 am

ന്യൂദല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. സ്വകാര്യ മെഡിക്കല്‍ കോളേജുകളോട് സര്‍ക്കാര്‍ കോളേജുകളുടെ അതേ ഫീസ് ഈടാക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

രാജ്യത്തിന് ഡോക്ടര്‍മാരെ ആവശ്യമുണ്ടെന്നും സര്‍ക്കാര്‍ ഫീസ് കുറയ്ക്കാന്‍ നിര്‍ബന്ധിച്ചാല്‍ ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. രാജസ്ഥാനിലെ മെഡിക്കല്‍ കോളേജിലെ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

സ്വകാര്യ കോളേജുകളിലെ ഫീസ് സര്‍ക്കാര്‍ കോളേജുകള്‍ക്ക് തുല്യമാക്കണമെന്ന് വ്യക്തികള്‍ക്ക് ആവശ്യപ്പെടാനാകില്ലെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ട ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജസ്ഥാനിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വാര്‍ഷിക ട്യൂഷന്‍ ഫീസ് 18.9 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ്. എന്നാല്‍ ഇ.ഡബ്ല്യൂ.എസ് ആനുകൂല്യത്തിനുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി 8 ലക്ഷം രൂപയായിരിക്കെ, ഇത്രയും ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് സംവരണത്തിന്റെ ആനുകൂല്യം ഇല്ലാതാക്കുന്നു എന്നായിരുന്നു ഹരജിക്കാരന്റെ വാദം.

എന്നാല്‍ ഫീസ് അടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പോ മറ്റേതെങ്കിലും സബ്സിഡി പദ്ധതികളോ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു കോടതി നിര്‍ദേശം. സ്വകാര്യ കോളേജുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് വലിയ തോതില്‍ അടിസ്ഥാന സൗകര്യങ്ങളും ഫാക്കല്‍റ്റികളും ഉപകരണങ്ങളും ആവശ്യമാണ്. അതിനാല്‍ ഫീസ് നിശ്ചയിക്കുന്നത് റെഗുലേറ്ററി ബോര്‍ഡുകളുടെ നയപരമായ തീരുമാനമാണ്, അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നിരക്കിലേക്ക് ഫീസ് കുറയ്ക്കാന്‍ നിര്‍ബന്ധിച്ചാല്‍, ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും. ഇത് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്തിന് ലഭിക്കുന്ന വലിയൊരു സഹായം ഇല്ലാതാക്കും. ഫീസ് ഘടന നിയമവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയ രാജസ്ഥാന്‍ ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും വിദ്യാര്‍ത്ഥിയുടെ ഹരജി തള്ളുകയും ചെയ്തു.

Content Highlight: If you can’t pay the fees, get a scholarship: Supreme Court rejects plea to set a cap on private medical college fees

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.