ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ടത് പുറത്തുവിടുന്നില്ല: വി.ഡി. സതീശന്‍
Kerala News
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ടത് പുറത്തുവിടുന്നില്ല: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th January 2022, 5:43 pm

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് സര്‍ക്കാര്‍ പുറത്തുവിടാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വനിതാ കമ്മിഷനും സാമൂഹിക നീതി വകുപ്പും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അനാസ്ഥ കാട്ടിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബറില്‍ കൈമാറിയിട്ടും രണ്ടു വര്‍ഷത്തോളം സര്‍ക്കാര്‍ അതു രഹസ്യമാക്കി വെച്ചെന്നും അദ്ദേഹം പറഞ്ഞു.

‘റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വനിതാ കമ്മിഷനും സാമൂഹിക നീതി വകുപ്പും ഇക്കാര്യത്തില്‍ അനാസ്ഥ കാട്ടി. ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് രണ്ട് കൊല്ലമായിട്ടും സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം,’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരുത്തരത്തിലുള്ള കുറവും സംഭവിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഡബ്‌ള്യൂ.സി.സി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞിരുന്നു.

പീഡനത്തിനിരയായിട്ടുള്ള പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം പിന്തുണ നല്‍കണമെന്നും സതീദേവി പറഞ്ഞിരുന്നു.

”തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തയ്യാറാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആയതിനാല്‍ നിയമസഭയില്‍ വെക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു നിയമം കേരളത്തില്‍ ആവശ്യമാണ്,’ എന്നും സതീദേവി പറഞ്ഞിരുന്നു.

അതേസമയം, നടിക്ക് നീതി ലഭിക്കാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്ന് ഡബ്ള്യൂ.സി.സി അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ഇനി കാത്തിരിക്കാമന്‍ വയ്യെന്നും അംഗങ്ങള്‍ പറഞ്ഞു.

നടി പാര്‍വതി തിരുവോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്ള്യൂ.സി.സിയുടെ ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഡബ്ള്യൂ.സി.സി അംഗങ്ങളായ നടി പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.

അക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ള്യൂ.സി.സി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: If the Hema Committee report is shocking, why the government is not releasing it: VD Satheesan