തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെയുണ്ടായ കയ്യേറ്റ സംഭവത്തില്‍ ബി.ജെ.പി നേതാവ് പ്രശാന്ത് ശിവനെ പിന്തുണയ്ക്കുന്നവരെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ജനാധിപത്യത്തില്‍ മസിലിനാണ് പ്രാധാന്യമെങ്കില്‍ റോണി കോള്‍മാന്‍ എന്നേ അമേരിക്കന്‍ പ്രസിഡന്റ് ആകുമായിരുന്നുവെന്ന് വി. ശിവന്‍കുട്ടി പ്രശാന്ത് ശിവന്റെ ഫിസിക്കിനെ പുകഴ്ത്തി പറയുന്നവരോടായി ഫേസ്ബുക്കിലൂടെ പറഞ്ഞു.
ജനാധിപത്യത്തില്‍ മസിലിനാണ് പ്രാധാന്യമെങ്കില്‍ റോണി കോള്‍മാന്‍ എന്നേ അമേരിക്കന്‍ പ്രസിഡന്റ് ആകുമായിരുന്നു. പാലക്കാട് നിന്നുള്ള വാര്‍ത്ത കണ്ടപ്പോള്‍ പറഞ്ഞതാണ്, ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
എട്ട് തവണ മിസ്റ്റര്‍ ഒളിംപ്യ കിരീടങ്ങള്‍ നേടിയ പ്രശസ്ത യു.എസ് ബോഡി ബില്‍ഡറാണ് റോണി ഡീന്‍ കോള്‍മാന്‍. ദി കിങ് എന്നറിയപ്പെടുന്ന അദ്ദേഹം അത്യധികം ഭാരം ഉയര്‍ത്തുന്ന പരിശീലന രീതിയിലൂടെയും പലരുടെയും ആരാധനാപാത്രമാണ്.
അതേസമയം, പാലക്കാട് വെച്ച് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ ബി.ജെ.പി പാലക്കാട് അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ കയ്യേറ്റം ചെയ്തത്.
മനോരമയുടെ വോട്ടുകവല എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. പാലക്കാട് നഗരസഭയില്‍ സി.പി.ഐ.എമ്മിന് പത്ത് സീറ്റ് തികച്ച് നേടാന്‍ സാധിക്കില്ലെന്നും അഥവാ അങ്ങനെ നേടിയാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പ്രശാന്ത് ശിവന്‍ വെല്ലുവിളിച്ചിരുന്നു.
ഇതിന് മറുപടി പറയാനുള്ള ആര്‍ഷോയുടെ അവസരത്തിലും പ്രശാന്ത് ശിവന്‍ സംസാരം തുടരുകയും ആര്‍ഷോ സംസാരിക്കുന്നതിന് തടസം സൃഷ്ടിക്കാനായി കൈയേറ്റം ചെയ്യുകയുമായിരുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകരെത്തി പ്രശാന്ത് ശിവനെ തടയുകയും ചെയ്തു.
പ്രശാന്ത് ശിവന്‍ ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷനാണ്. അദ്ദേഹം പറഞ്ഞ വാക്കുകള്‍ നഗരസഭയിലെ ജനങ്ങള്‍ കേട്ടിട്ടുണ്ട്. ആര്‍.എസ്.എസുകാരുടെയും ബി.ജെ.പിക്കാരുടെയും നിലവാരം എന്താണെന്ന് അവര്‍ വിലയിരുത്തട്ടെ എന്ന ആര്‍ഷോയുടെ പരാമര്‍ശത്തില്‍ പ്രകോപിതനായ പ്രശാന്ത് ശിവന്‍ ആര്‍ഷോയുടെ ഡയസിനരികിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്.
ഇതിനിടെ പ്രശാന്ത് ശിവന്‍ മോശം പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് മറ്റു സി.പി.ഐ.എം പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ പ്രശാന്ത് ശിവനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രശാന്ത് ശിവന് കാര്യങ്ങള്‍ സംസാരിക്കാന്‍ അറിയില്ലെന്നും ജിമ്മില്‍ പോകാന്‍ മാത്രമേ കഴിയുകയുള്ളുവെന്നുമാണ് വിമര്‍ശനം.
നാലക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്ത സംഘിയോട് എന്ത് സംവാദമെന്നാണ് ഒരാള്‍ ചോദിച്ചത്.
പിന്നീട്, വിഷയത്തില്‍ പ്രതികരിച്ച് ആര്‍ഷോയും രംഗത്തെത്തിയിരുന്നു. ‘ചാണകത്തില്‍ ചവിട്ടാതിരിക്കുക’ എന്നതുപോലെ തന്നെ ‘ചാണകത്തെ ചവിട്ടാതിരിക്കുക’ എന്നതും ചിലര്‍ സന്ദര്‍ഭങ്ങളില്‍ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് ആര്‍ഷോ പരിഹസിച്ചിരുന്നു.
ഫേസ്ബുക്കിലൂടെയാണ് ആര്‍ഷോയുടെ പ്രതികരണം.
Content Highlight: If muscle was important in democracy, Ronnie Coleman would have become the US President: V. Sivankutty on Palakkad controversy