ഞാനായിരുന്നു ലൂസിഫറിൻ്റെ സംവിധായകൻ എങ്കിൽ വിവേക് ഒബ്റോയ് പകരം ആ നടനെ വില്ലനായി അഭിനയിപ്പിക്കും: ജഗദീഷ്
Entertainment
ഞാനായിരുന്നു ലൂസിഫറിൻ്റെ സംവിധായകൻ എങ്കിൽ വിവേക് ഒബ്റോയ് പകരം ആ നടനെ വില്ലനായി അഭിനയിപ്പിക്കും: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 1:04 pm

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അധിപൻ എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് അദ്ദേഹം കഥകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. ഇപ്പോൾ നടൻ വിനീതിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

താനായിരുന്നു ലൂസിഫര്‍ സിനിമയുടെ സംവിധായകന്‍ എങ്കില്‍ വിവേക് ഒബ്‌റോയ് അല്ല വിനീതിനെ തന്നെ ആ കഥാപാത്രമായി അഭിനയിപ്പിക്കുമായിരുന്നു എന്ന് ജഗദീഷ് പറയുന്നു. വിനീത് ആ വില്ലന്‍ വേഷം ഭംഗിയായിട്ട് ചെയ്യുമായിരുന്നെന്നാണ് തന്റെ വിശ്വാസമെന്നും വിനീത് നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ടാണ് വിനീതിനെക്കൊണ്ട് വിവേക് ഒബ്‌റോയ്ക്ക് ഡബ്ബ് ചെയ്യിപ്പിച്ചതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ യോജിക്കുമോ വിയോജിക്കുമോ എന്നൊന്നും അറിയില്ല. ഞാന്‍ പറയുകയാണ്, ഞാനായിരുന്നു ലൂസിഫറിന്റെ സംവിധായകന്‍ എങ്കില്‍ വിവേക് ഒബ്‌റോയ് അല്ല വിനീതിനെ തന്നെ അഭിനയിപ്പിക്കുമായിരുന്നു. ഒരു പ്രശ്‌നവും ഇല്ല. വിനീത് ഗംഭീരമായിട്ട് ആ വില്ലന്‍ വേഷം ചെയ്യുമെന്നാണ് എന്റെ വിശ്വാസം. വിനീത് നന്നായി ഇംഗ്ലീഷ് പറയും. അതുകൊണ്ടാണ് ലൂസിഫറില്‍ വിവേക് ഒബ്‌റോയ്ക്ക് ഡബ്ബ് ചെയ്യാന്‍ വിളിച്ചത്,’ ജഗദീഷ് പറയുന്നു.

ലൂസിഫർ

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത്‌ 2019ൽ പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ വില്ലൻ വേഷത്തെ അവതരിപ്പിച്ചത് വിവേക് ഒബ്റോയി ആയിരുന്നു. ബിമൽ നായർ (ബോബി) എന്ന കഥാപാത്രമായാണ് വിവേക് വേഷമിട്ടത്. ചിത്രത്തിൽ ബോബിക്ക് വേണ്ടി ഡബ്ബ് ചെയ്തത് നടൻ വിനീത് ആയിരുന്നു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‌ത സിനിമയാണിത്. ഒരു പുതുമുഖ സംവിധായകൻ ആയിരുന്നിട്ട് കൂടിയും അത് തോന്നിപ്പിക്കാത്ത രീതിയിലുള്ള മേക്കിങ് ആയിരുന്നു ലൂസിഫറിൽ നമുക്ക് കാണാൻ സാധിച്ചത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗം എമ്പുരാൻ ഈ വർഷമാണ് തിയേറ്ററിൽ എത്തിയത്. വൻ വിജയമായിരുന്ന സിനിമയായിരുന്നു ലൂസിഫർ. മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ ഏഴാമത്തെ ചിത്രമാണിത്.

Content Highlight: If I were the director of Lucifer, I would cast that actor as the villain says Jagadish