തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ലയണല്‍ മെസിയും ഇന്റര്‍ മയാമിയും. ഒടുവില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയം നേടാന്‍ സാധിക്കാതെയാണ് ഹെറോണ്‍സ് കുഴങ്ങുന്നത്.
നിലവില്‍ എം.എല്‍.എസ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഒന്നാമതുള്ള നാഷ്‌വില്ലിനേക്കാള്‍ പത്ത് പോയിന്റ് പിന്നിലാണ് മെസിയും സംഘവും.

നാളെ നു സ്റ്റേഡിയത്തില്‍ മോണ്‍ട്രിയലിനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മെസിയുടെയും സംഘത്തിന്റെയും മനസിലുണ്ടാകില്ല. പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനത്തുള്ള ടീമിനോട് അനായാസമായി വിജയിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
The daily routine 🏋️♂️➡️⚽️ pic.twitter.com/rk6G8NX700
— Inter Miami CF (@InterMiamiCF) August 27, 2026
ഈ മത്സരത്തില്‍ ഇതിഹാസ താരം ലയണല്‍ മെസിക്ക് തന്റെ കരിയറിലെ ഒരു സുപ്രധാന നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്, ഇതിനായി വേണ്ടതാകട്ടെ വെറും ഒറ്റ ഗോളും.
എന്നാല്‍ വെറുതെ ഒരു ഗോളടിച്ചാല്‍ പോരാ, മത്സരത്തിന്റെ ഒന്നാം മിനിട്ടില്‍ തന്നെ മോണ്‍ട്രിയലിന്റെ വലയില്‍ പന്തെത്തിക്കണം. അങ്ങനെയെങ്കില്‍ മത്സരത്തിന്റെ 90 മിനിട്ടുകളിലും ഗോള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് മയാമി ലെജന്‍ഡിന്റെ പേരില്‍ കുറിക്കപ്പെടുക.

ലയണല്‍ മെസി
മത്സരത്തിന്റെ ആദ്യ മിനിട്ടിലൊഴികെ ശേഷിക്കുന്ന 89 മിനിട്ടിലും മെസി ഗോള്‍ നേടിയിട്ടുണ്ട്. നു സ്‌റ്റേഡിയത്തില്‍ ആദ്യ മിനിട്ടില്‍ തന്നെ ഗോള്‍ നേടാനായാല്‍ മത്സരത്തിന്റെ എല്ലാ മിനിട്ടിലും ഗോള്‍ നേടിയ അഞ്ചാം താരമെന്ന നേട്ടത്തിലേക്കാകും മെസി കാലെടുത്ത് വെക്കുക.
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ചരിത്രത്തിലാദ്യമായി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. 2014 ഫെബ്രുവരിയില്‍ കോപ്പ ഡെല്‍ റേ സെമി ഫൈനലില്‍ സിറ്റി റൈവല്‍സായ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തില്‍ 7ാം മിനിട്ടില്‍ ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
2014 സെപ്റ്റംബറില്‍ എസ്‌റ്റോണിയയ്‌ക്കെതിരെ 24ാം മിനിട്ടില്‍ ഗോള്‍ നേടിയതോടെ സ്വീഡന്‍ ലെജന്‍ഡ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും ഈ അപൂര്‍വ റെക്കോര്‍ഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ചേര്‍ന്നു. ഉറുഗ്വായന്‍ ഇതിഹാസ താരം ലൂയീസ് സുവാരസാണ് ശേഷം ഈ റെക്കോഡ് സ്വന്തമാക്കിയത്.

സ്ലാട്ടന്‍ ഇബ്രഹാമോവിച്ച് | ലൂയീസ് സുവാരസ്
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബാഴ്‌സ ഇതിഹാസങ്ങളിലൊരാളായി മാറിയ പോളിഷ് ഗോള്‍ മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ഈ നേട്ടത്തില്‍ ഒടുവിലെത്തിയത്.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി
2022ല്‍ ബാഴ്‌സലോണയ്ക്കായി റയല്‍ സോസിഡാഡിനെതിരെയുള്ള മത്സരത്തിന്റെ ഒന്നാം മിനിട്ടില്‍ ഗോള്‍ നേടിയതോടെയാണ് ലെവയുടെ പേരിലും ഈ റെക്കോഡ് കുറിക്കപ്പെട്ടത്.
തന്റെ സമകാലീനരായ ഇതിഹാസങ്ങള്‍ക്കൊപ്പം ഈ ഐതിഹാസിക നേട്ടത്തിലേക്ക് മെസിയെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: If he scores a goal in the first minute, Messi could become a player who has scored in every minute of a match.
