മലയാളത്തിൻ്റെ മഹാകവി എം. ടി. വാസുദേവൻ നായരെപ്പറ്റി സംസാരിക്കുകയാണ് മഹാനടൻ മമ്മൂട്ടി. എം.ടി. വാസുദേവൻ നായർ ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഉണ്ടാകുമായിരുന്നില്ലെന്നും നിരുപാധികം അംഗീകരിക്കുക മാത്രമാണ് ചെയ്യുകയെന്നും മമ്മൂട്ടി പറഞ്ഞു.
അദ്ദേഹം തനിക്ക് ഗുരുതുല്യനും താൻ എം.ടിയുടെ കടുത്ത ആരാധകനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാപ്രവേശത്തിനുമുമ്പ് കണ്ണാടിക്കുമുമ്പിൽ അഭിനയിച്ചത് അദ്ദേഹത്തിന്റെ നോവലിലേയും കഥകളിലേയും കഥാപാത്രങ്ങളായിരുന്നെന്നും അദ്ദേഹം സിനിമയിൽ ശ്രമിച്ചത് മാറ്റമുണ്ടാക്കാനാണെന്നും മമ്മൂട്ടി പറഞ്ഞു.
ചന്തുവിൻ്റെ ഭാഗത്തുനിന്ന് കഥകളെ നോക്കിക്കാണാനാണ് വടക്കൻ വീരഗാഥ ശ്രമിച്ചതെന്നും ഇത്തരത്തിലൊരു വേഷത്തേയും സിനിമയേയും കുറിച്ചുകേട്ടപ്പോൾ എന്തുപറയണമെന്നറിയാതെ താൻ നിന്നിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
‘എം.ടി. ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ എനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഉണ്ടാകില്ല. നിരുപാധികം അംഗീകരിക്കുക മാത്രം. അദ്ദേഹം എനിക്ക് ഗുരുതുല്യനും ഞാൻ അദ്ദേഹത്തിൻറെ കടുത്ത ആരാധകനുമാണ്.
എന്റെ സിനിമാപ്രവേശത്തിനുമുമ്പ് കണ്ണാടിക്കുമുന്നിൽ നിന്ന് അഭിനയിച്ച് പരിശീലിച്ചതിലധികവും അദ്ദേഹത്തിന്റെ നോവലിലേയും കഥകളിലേയും കഥാപാത്രങ്ങളായിരുന്നു. വളരെക്കാലം എൻ്റെ സംസാരശൈലിയിൽ പോലും ഇത്തരം കഥാപാത്രങ്ങളുടെ ഭാഷാശൈലിയുടെ സ്വാധീനമുണ്ടായിരുന്നു.
എം.ടി സിനിമയിൽ ശ്രമിച്ചതും വലിയൊരു മാറ്റമുണ്ടാക്കാനാണ്. വർഷങ്ങളായി ചതിയനെന്ന മുദ്രപേറിയ ഒരു കഥാപാത്രത്തിന് അദ്ദേഹത്തിന്റെ എഴുത്തിലൂടെ മറ്റൊരു മാനം കൈവന്നു. ചന്തുവിൻ്റെ ഭാഗത്തുനിന്ന് കഥകളെ നോക്കിക്കാണാനാണ് വടക്കൻ വീരഗാഥ ശ്രമിച്ചത്.