World
'എല്ലാം ശരിയായി വന്നാല്‍ പുടിന്‍ സെലന്‍സ്‌കി കൂടിക്കാഴ്ച ഉടനെന്ന് ട്രംപ്; സെലന്‍സ്‌കി യു.എസിലേക്ക്
വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്.
അലാസ്‌കയില്‍ പുടിനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപുമായി ദീര്‍ഘ സംഭാഷണം നടത്തിയതായി സെലെന്‍സ്‌കി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ തിങ്കളാഴ്ച വാഷിങ്ടണിലെ ഓവല്‍ ഓഫീസില്‍ നേരിട്ടെത്തി സെലെന്‍സ്‌കി ട്രംപിനെ കാണും. ഓഫല്‍ ഓഫീസിലെത്തുന്ന സെലന്‍സ്‌കിയെ സ്വീകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിട്ടുണ്ട്.
‘തിങ്കളാഴ്ച ഉച്ചയോടെ പ്രസിഡന്റ് സെലെന്‍സ്‌കി ഡി.സിയിലെ ഓവല്‍ ഓഫീസില്‍ എത്തും,’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതിയത്. എല്ലാം ശരിയായാല്‍, തങ്ങള്‍ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നേരിട്ട് ഒരു സമാധാന കരാറിലേക്ക് പോകുക എന്നതാണ്, അത് യുദ്ധം അവസാനിപ്പിക്കും, വെറുമൊരു വെടിനിര്‍ത്തല്‍ കരാറല്ല അത്,’ ട്രംപ് പറഞ്ഞു.
അലാസ്‌ക ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപുമായി ദീര്‍ഘമായ സംഭാഷണം നടത്തിയതായി സെലെന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. ട്രംപിന്റെ ക്ഷണത്തിന് സെലന്‍സ്‌കി നന്ദി പറയുകയും ചെയ്തു.
കൊലപാതകവും യുദ്ധവും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഈ യോഗം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അലാസ്‌കയില്‍ നടന്ന പുടിന്‍-ട്രംപ് കൂടിക്കാഴ്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഉക്രെയ്നിനെക്കുറിച്ച് ഇരു നേതാക്കളും ഒരു ‘ധാരണ’ ഉണ്ടാക്കിയെന്നും ‘ഒരു കരാര്‍ ഉണ്ടാകുന്നതുവരെ ഒരു കരാറുമില്ല’ എന്നുമായിരുന്നു ട്രംപ് അലാസ്‌കയില്‍ പറഞ്ഞത്.
വാഷിങ്ടണിലേക്ക് മടങ്ങുന്നതിന് മുമ്പ് ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ഇനി കാര്യങ്ങളില്‍ തീരുമാനം പറയേണ്ടത് സെലെന്‍സ്‌കിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.
സെലെന്‍സ്‌കിയുമായുള്ള ദീര്‍ഘനേരത്തെ സംഭാഷണത്തിന് ശേഷം ട്രംപ് നാറ്റോ നേതാക്കളുമായി ഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്.
സെലെന്‍സ്‌കി, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്‍ലന്റ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്, പോളണ്ട് പ്രസിഡന്റ് കരോള്‍ നവ്റോക്കി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവരുമായി ട്രംപ് സംസാരിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് അരിയാന പൊഡെസ്റ്റ പറഞ്ഞു.
എന്നാല്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ അവര്‍ നല്‍കിയില്ല.
യു.എസും റഷ്യയുമായും ഒരു ത്രികക്ഷി കൂടിക്കാഴ്ച നടത്തണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തെ സെലെന്‍സ്‌കി പിന്തുണച്ചിരുന്നു. പ്രധാന വിഷയങ്ങള്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാറാണ് പുടിന്‍ ഇഷ്ടപ്പെടുന്നതെന്ന് ട്രംപ് പറഞ്ഞു.
വെടിനിര്‍ത്തലിനേക്കാള്‍ ‘സമഗ്രമായ സമാധാന കരാറാണ്’ പുടിന്‍ ഇഷ്ടപ്പെടുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കി പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Content Highlight: ‘If all works out…’: Donald Trump on meeting with Ukraine’s Zelensky on Monday