അത് ആരോപണം മാത്രം, തന്റെ ക്ഷണം സ്വീകരിച്ചാണ് അവര് അന്ന് പരിപാടിക്ക് വന്നത്; പ്രതികരണവുമായി സിദ്ദീഖ്
kERALA NEWS
അത് ആരോപണം മാത്രം, തന്റെ ക്ഷണം സ്വീകരിച്ചാണ് അവര് അന്ന് പരിപാടിക്ക് വന്നത്; പ്രതികരണവുമായി സിദ്ദീഖ്
ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2019, 7:26 pm

കൊച്ചി :തനിക്കെതിരായ ലൈംഗീകാധിക്ഷേപ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ സിദ്ദീഖ്. നടിയുടെത് ആരോപണം മാത്രമാണെന്നും തന്റെ ക്ഷണം സ്വീകരിച്ചായിരുന്നു അന്ന് പരിപാടിയില്‍ താരം പങ്കെടുത്തതെന്നും സിദ്ദിഖ് പറഞ്ഞു.

2016 ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന പടത്തിന്റെ പ്രിവ്യു ഷോക്കിടെ സിദ്ദീഖ് ലൈംഗീകാധിക്ഷേപം നടത്തിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങില്‍ തന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയതെന്നും പ്രിവ്യുവിനു ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് തങ്ങള്‍ പിരിഞ്ഞതെന്നുമായിരുന്നു സിദ്ദീഖിന്റെ പറഞ്ഞത്

‘അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആരോപണത്തില്‍ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ല’ എന്നും സിദ്ദീഖ്  പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. 2016ല്‍ നടനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് രേവതി പറഞ്ഞു.

2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം നടത്തിയെന്ന് രേവതി പറഞ്ഞു. സിദ്ദിഖും കെ.പി.എ.സി ലളിതയും മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് രേവതി ഈക്കാര്യം തുറന്നുപറഞ്ഞത്.

സിദ്ദിഖിന്റെ മുഖംമൂടി വലിച്ചുകീറണമെന്ന ഉദ്ദേശത്തോടെ തന്നെ പറഞ്ഞാണ് ഇതെന്നും താന്‍ അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞതെന്നും രേവതി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

‘ 2016 ല്‍ നടന്ന കാര്യമാണ് ഇത്. എന്തുകൊണ്ട് പറയാന്‍ വൈകിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇത്രനാളും പറയാതിരുന്നത് എന്താണെന്ന് ചോദിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഇത്തരമൊരു അനുഭവമുണ്ടാകുമ്പോള്‍ നമുക്ക് തന്നെ അത് ഡൈല്യൂട്ട് ചെയ്ത് വരാന്‍ സമയം എടുക്കും. അതില്‍ നിന്നും പുറത്തുകടക്കാന്‍ എടുക്കുന്ന സമയം വലുതാണ്.

എന്തറിഞ്ഞിട്ടാണ് ആളുകള്‍ ഈ അനാവശ്യം പറയുന്നതും ചീത്ത വിളിക്കുന്നതും എന്ന് മനസിലാകുന്നില്ല. കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ വെറുതെ വന്ന് ചീത്തവിളിക്കുകയാണ്. ഒരു സ്ത്രീ അഭിപ്രായം പറയുന്നവളാണെന്ന് അറിഞ്ഞാല്‍ അവള്‍ അഹങ്കാരികളാണെന്ന് ചിലര്‍ മുദ്രകുത്തും. ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്നുള്ള രീതിയിലാണ് ആളുകളുടെ പ്രതികരണം.

എത്ര നാള്‍ കഴിഞ്ഞ് പറഞ്ഞാലും സത്യം സത്യമാണ്. 30 വര്‍ഷം കഴിഞ്ഞ് പറഞ്ഞാലും മൂന്ന് വര്‍ഷം കഴിഞ്ഞ് പറഞ്ഞാലും ഈ സമയത്ത് പറഞ്ഞാലും അത് സത്യമല്ലാതാവില്ല. എനിക്കത് തുറന്നുപറയാനുള്ള ധൈര്യം കിട്ടാന്‍ സമയം വേണ്ടി വന്നു എന്നതേയുള്ളു. അതിന് ഒരു മുന്നൊരുക്കവും ഉണ്ടായിരുന്നില്ല. സിദ്ദിഖിന്റെ ആ വീഡിയോ നേരത്തെ കണ്ടതാണ്. ഇന്നലെ വീണ്ടും കാണാന്‍ ഇടയായപ്പോള്‍ സ്വാഭാവികമായി വന്ന കാര്യമാണ് ഞാന്‍ എഴുതി ഫേസ്ബുക്കില്‍ ഇട്ടതെന്നും രേവതി പറഞ്ഞിരുന്നു.

DoolNews Video