ഗാന്ധിയുടെ നയങ്ങള്‍ ഹിന്ദുവിരുദ്ധം, ഗാന്ധിയോടുള്ള അതേ വികാരമാണ് ഗോഡ്‌സെയോട്; ഗോഡ്‌സെയുടെ ചിത്രവുമായി സ്വാതന്ത്ര്യദിന റാലി നടത്തി ഹിന്ദുത്വവാദികള്‍
national news
ഗാന്ധിയുടെ നയങ്ങള്‍ ഹിന്ദുവിരുദ്ധം, ഗാന്ധിയോടുള്ള അതേ വികാരമാണ് ഗോഡ്‌സെയോട്; ഗോഡ്‌സെയുടെ ചിത്രവുമായി സ്വാതന്ത്ര്യദിന റാലി നടത്തി ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2022, 9:24 pm

ലഖ്‌നൗ: മഹാത്മഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുടെ ചിത്രവുമായി സ്വാതന്ത്ര്യദിനത്തില്‍ റാലി നടത്തി ഹിന്ദുമഹാസഭ. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഘോഷയാത്ര നടത്തിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ റാലിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഹിന്ദുമഹാസഭ ജില്ലയില്‍ തിരംഗ യാത്ര സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.

റാലിയില്‍ മറ്റ് വിപ്ലവകാരികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും അവരില്‍ ഒരാളാണ് ഗോഡ്സെയെന്നുമാണ് ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വര്‍മയുടെ വാദം.

ഗോഡ്സെയുടെ ചിത്രം ത്രിവര്‍ണപതാക വഹിച്ചുള്ള യാത്രയില്‍ കൊണ്ടുവരികയെന്നതാണ് സംഘടനയുടെ ആദര്‍ശമെന്ന് ഹിന്ദു മഹാസഭ ജില്ലാ ചെയര്‍മാന്‍ ലോകേഷ് സൈനി പറഞ്ഞു.

‘സ്വാതന്ത്ര്യ ദിനത്തില്‍ ഞങ്ങള്‍ തിരംഗ യാത്ര സംഘടിപ്പിക്കുകയും അത് ജില്ലയിലുടനീളം സഞ്ചരിക്കുകയും ചെയ്തിരുന്നു. എല്ലാ പ്രമുഖ ഹിന്ദു നേതാക്കളും റാലിയില്‍ പങ്കെടുത്തു. ഞങ്ങള്‍ നിരവധി വിപ്ലവകാരികളുടെ ചിത്രങ്ങള്‍ വഹിച്ചിരുന്നു. അവരില്‍ ഒരാളായിരുന്നു ഗോഡ്സെ. മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗോഡ്സെ നിര്‍ബന്ധിതനായത് അദ്ദേഹം പിന്തുടരുന്ന നയങ്ങള്‍ മൂലമാണ്,’ ലോകേഷ് സൈനിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഭജന കാലത്ത് രാജ്യത്ത് 30 ലക്ഷത്തോളം ഹിന്ദുക്കളും മുസ്‌ലിങ്ങളും കൊല്ലപ്പെട്ടുവെന്നും ഇതിന് ഉത്തരവാദി ഗാന്ധിയാണെന്നും ഹിന്ദുത്വവാദികള്‍ ആരോപിച്ചു. ഗോഡ്‌സെ കോടതിയില്‍ പറഞ്ഞത് സര്‍ക്കാര്‍ പുറത്തുവിടാത്തത് അത് ജനങ്ങള്‍ അറിയരുതെന്നുള്ളതുകൊണ്ടാണെന്നും അവര്‍ ആരോപിച്ചു.

‘ഗോഡ്സെ കോടതിയില്‍ എന്താണോ പറഞ്ഞത് അതെല്ലാം സര്‍ക്കാര്‍ പരസ്യമാക്കണം. എന്തിനാണ് ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് ജനങ്ങള്‍ അറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അതാണ് അവ പരസ്യമാക്കാത്തതിന്റെ കാരണം. ഗാന്ധിയുടെ ചില നയങ്ങള്‍ ഹിന്ദു വിരുദ്ധമായിരുന്നു. വിഭജന സമയത്ത് 30 ലക്ഷം ഹിന്ദുക്കളും മുസ്‌ലിങ്ങളുമാണ് കൊല്ലപ്പെട്ടത്. ഇതിന് ഉത്തരവാദി ഗാന്ധിയാണ്. ഗാന്ധി തങ്ങളുടെ പ്രചോദനമാണെന്ന് ചിലര്‍ വിശ്വസിക്കുന്നതുപോലെ, ഞങ്ങള്‍ക്ക് ഗോഡ്സെയോട് സമാനമായ വികാരങ്ങളാണുള്ളത്. ‘ലോകേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Ideology of gandhi was against hindus, claims hindutvawadis