എഴുതിയത് അശ്ലീലമെങ്കില്‍ അതനുഭവിച്ച എന്റെ ഗതി ഒന്നൂഹിച്ചുനോക്കൂ; ടി. പത്മനാഭന് തുറന്ന കത്തുമായി സിസ്റ്റര്‍ ജെസ്മി
Kerala News
എഴുതിയത് അശ്ലീലമെങ്കില്‍ അതനുഭവിച്ച എന്റെ ഗതി ഒന്നൂഹിച്ചുനോക്കൂ; ടി. പത്മനാഭന് തുറന്ന കത്തുമായി സിസ്റ്റര്‍ ജെസ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2022, 8:16 pm

കണ്ണൂര്‍: സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്ന് പറഞ്ഞ പ്രശസ്ത എഴുത്തുകാരന്‍ ടി. പത്മനാഭനന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ തുറന്ന കത്തുമായി എഴുത്തുകാരി സിസ്റ്റര്‍ ജെസ്മി. ഫേസ്ബുക്കിലാണ് സിസ്റ്റര്‍ ജെസ്മി കത്ത് പങ്കുവെച്ചത്.

‘പ്രിയമുള്ള പത്മനാഭന്‍ ചേട്ടാ’ എന്ന് തുടങ്ങുന്ന കത്തില്‍, ”സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം” എന്ന പരാമര്‍ശം ജഗതി ശ്രീകുമാര്‍ കഥാപാത്രം പറഞ്ഞതുപോലെ എന്നെ ഉദ്ദേശിച്ചാണ് എന്നത് പകല്‍ പോലെ വ്യക്തമായതുകൊണ്ടാകാം എന്റെ സ്നേഹിതരും, മൊത്തം വൈരികളും ഇത് എനിക്ക് ഫോര്‍വേഡ് ചെയ്തതെന്നും സിസ്റ്റര്‍ ജെസ്മി കത്തില്‍ സൂചിപ്പിക്കുന്നു.

തന്റെ ആത്മകഥ, ‘ആമേന്‍’ ലെ 183 പേജുകളില്‍ ഒന്നര പേജ് ബെംഗളൂരു അനുഭവം എഴുതിയത് അശ്ലീലമെങ്കില്‍ അതനുഭവിച്ച എന്റെ ഗതി ഒന്നൂഹിച്ചു നോക്കണമെന്നും സിസ്റ്റര്‍ ജെസ്മി മറുപടി പറയുന്നുണ്ട്.

നേരത്തെയും തനിക്കെതിരെ സമാനമായ പരാമര്‍ശം ടി. പത്മനാഭന്‍ നടത്തിയിട്ടുണ്ടെന്ന് സിസ്റ്റര്‍ ജെസ്മി ഓര്‍പ്പിച്ചു. ഇക്കാര്യത്തെ കുറിച്ച് നേരിട്ട് ചോദിച്ചപ്പോള്‍ ടി. പത്മനാഭന്‍ ഒന്നും പറയാതെഒഴിഞ്ഞുമാറി. സഭാവസ്ത്രത്തിലും നാല് ചുമരുകള്‍ക്കുള്ളിലും പേരിലും തളച്ചിടാവുന്നതല്ല സന്യാസമെന്നും, സിസ്റ്റര്‍ ജെസ്മി എന്ന പേര് ഗസറ്റ് പ്രകാരം തനിക്ക് അവകാശപ്പെട്ടതാണെന്നും ജെസ്മി കത്തില്‍ വ്യക്തമാക്കി.

‘ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തില്‍ വില്‍പനയുള്ളത്. ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരി വെച്ച് തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ അതിനും വലിയ ചെലവാണ്’ എന്നായിരുന്നു ടി. പദ്മനാഭന്റെ പരാമര്‍ശം. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണമെന്നും അദ്ദേഹം പരാമര്‍ശത്തില്‍ പറഞ്ഞിരുന്നു.

എ.സി. ഗോവിന്ദന്റെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിയിലായിരുന്നു കഥാകൃത്തിന്റെ പരാമര്‍ശം.

 

കത്തിന്റെ പൂര്‍ണരൂപം:

ശ്രീ ടി . പത്മനാഭന് ഒരു തുറന്ന കത്ത്

പ്രിയമുള്ള പത്മനാഭന്‍ ചേട്ടാ ,

ഇന്ത്യയുടെ 75ാം സ്വതന്ത്ര്യ ദിനത്തിലെ പത്രവാര്‍ത്തയിലൂടെ അങ്ങയുടെ പ്രഭാഷണ ശകലം, ഞാനുള്‍പ്പെടെ, സ്ത്രീകളെയും കന്യാസ്ത്രീകളെയും സന്മനസ്സുള്ള പുരുഷന്മാരെയും ദുഖിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാല്‍ പലരില്‍ നിന്നും ശകാരവര്‍ഷം ചൊരിയപ്പെട്ടതില്‍ അങ്ങ് വേദനിച്ചെങ്കില്‍ ക്ഷമ ചോദിക്കുകയും ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ മുതിരുകയും ചെയ്യുകയാണ് .

”അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം.”

‘സ്ത്രീ’ എന്ന് പരാമര്‍ശിച്ചതിനാല്‍ ഇന്നലെ പല മേഖലകളില്‍ നിന്നും പ്രശസ്ത എഴുത്തുകാരനായ അങ്ങയെ ഇകഴ്ത്തി സംസാരിക്കാന്‍ ഇടവന്നത് അങ്ങയെ മുറിവേല്‍പ്പിച്ചെങ്കില്‍ അത് ഖേദകരം തന്നെ. സ്ത്രീകളുടെയും വിശിഷ്യാ കന്യാസ്ത്രീകളുടെയും സിസ്റ്റര്‍ ലൂസി ഉള്‍പ്പെടെ ദുഖവും ഞാന്‍ പങ്കിട്ടനുഭവിക്കുന്നു. ഒപ്പം വീണ്ടും എന്റെ ”ആമേന്‍ ” വിസ്മൃതിയില്‍ ആയവര്‍ക്ക് ഓരോര്‍മ്മപ്പെടുത്തല്‍ നല്‍കിയതില്‍ ഞാന്‍ സന്തുഷ്ടയാണ്. പുരുഷന്മാര്‍ എഴുതിയ പല പ്രശസ്ത സാഹിത്യ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരമുള്ള ഭാഗങ്ങള്‍ കോളേജില്‍ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടിയ അധ്യാപകരില്‍ ഞാനുമുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

”സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ” എന്നത് , ജഗതി ശ്രീകുമാര്‍ കഥാപാത്രം പറഞ്ഞതുപോലെ എന്നെ ഉദ്ദേശിച്ചാണ് എന്നത് പകല്‍ പോലെ വ്യക്തമായതുകൊണ്ടാകാം എന്റെ സ്നേഹിതര്‍ മൊത്തം വൈരികളും ഇത് എനിക്കു ഫോര്‍വേഡ് ചെയ്തത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂരില്‍ വെച്ച് എനിക്കെതിരെ മാത്രം ഇതേ പരാതി പ്രസംഗത്തില്‍ അവതരിപ്പിച്ചത് ഡി.സി ബുക്സ് കോഴിക്കോട് വെച്ച് നടത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ വെച്ച് നേരിട്ട് അങ്ങയോട് ഞാന്‍ ചോദിച്ചപ്പോള്‍ അങ്ങ് ഒന്നും പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നല്ലോ.

ഇന്ന് സ്ത്രീകളെ അശ്ലീല സാഹിത്യവും വില്‍പ്പനയുമായി കൂട്ടിയിണക്കിയതിനാലാണ് അത് പ്രകോപനപരം ആയതും പ്രതികരണങ്ങളുടെ വേലിയേറ്റം ഉണ്ടായതും എന്ന് അനുമാനിക്കുന്നു. അശ്ലീല സാഹിത്യ വായനാകുതുകികള്‍ ”ഫയര്‍ ” മാസികയോ മറ്റോ വായിച്ച് തൃപ്തിയടഞ്ഞോളും; അതിനേക്കാള്‍ പൈങ്കിളിയെഴുത്ത് സ്ത്രീയോ കന്യാസ്ത്രീയോ ഞാനോ എഴുതുന്ന പുസ്തകത്തില്‍ കാണാനിടയില്ല. എന്റെ ആത്മകഥ, ”ആമേന്‍” ലെ 183 പേജുകളില്‍ ഒന്നര പേജ് ബെംഗളൂരു അനുഭവം എഴുതിയത് അശ്ലീലമെങ്കില്‍ അതനുഭവിച്ച എന്റെ ഗതി ഒന്നൂഹിച്ചുനോക്കൂ.

സഭാവസ്ത്രത്തിലും നാലു ചുമരുകള്‍ക്കുള്ളിലും പേരിലും തളച്ചിടാവുന്നതല്ല സന്യാസം. ദല്‍ഹിയില്‍ സാധാരണ വസ്ത്രം ധരിക്കുന്ന യൂണിഫോം ഇല്ല സന്യാസസഭകള്‍ ഉള്ളത് അങ്ങേക്ക് അറിവില്ലായിരിക്കും. അവര്‍ ”സിസ്റ്റര്‍ ” എന്നാണ് വിളിക്കപ്പെടുന്നത്. പോപ്പ് ആവശ്യപ്പെടുന്നത് സന്യാസിനികള്‍ തദ്ദേശീയ വസ്ത്രം ധരിച്ച്, വേര്‍ത്തിരിവില്ലാതെ സേവനം ചെയ്യണം എന്നാണ്. ആശുപത്രികളിലെ നേഴ്സുമാര്‍ യൂണിഫോം ഇടാത്തപ്പോഴും സിസ്റ്റര്‍ എന്ന് വിളിക്കപ്പെടുന്നു.

കോണ്‍ഗ്രിഗേഷ്യന്റെ സി.എം.സി എന്ന പദം ഞാന്‍ ഉപയോഗിക്കാറില്ല. പ്രിന്‍സിപ്പല്‍ ആയി മൂന്നാം വര്‍ഷം വരെ ഒഫീഷ്യല്‍ നെയിം സിസ്റ്റര്‍ മേമി റാഫേല്‍ സി. എന്നായിരുന്നു. ഒപ്പ് വെയ്ക്കാനുള്ള സൗകര്യത്തിന് Gazetteല്‍ പ്രസിദ്ധീകരിച്ച് മാറ്റിയതാണ് Sr.Jesme എന്നത്. മഠം വിട്ടപ്പോള്‍ മേമി എന്ന പേര് ഉപയോഗിക്കാന്‍ കഴിയാതെ പോയി. Gazette പ്രകാരം Sr.Jesme എന്ന പേര് എന്റെ അവകാശം ആയി മാറി. താങ്കളുടെ പരാമര്‍ശം ഇക്കാര്യങ്ങള്‍ വിവരിക്കാന്‍ എനിക്ക് ഉപകാരപ്പെട്ടു. ആരുടെയെങ്കിലും വിമര്‍ശനം മൂലം വേദനിച്ചെങ്കില്‍ ക്ഷമിക്കണേ..

Content Highlight: Sister Jesme’s open letter to T. Padmanabhan about his controversial statement