സൂര്യയ്ക്കും സംഘത്തിനും പിന്നാലെ ഹര്‍മനും സംഘവും; പാകിസ്ഥാനെതിരെ കൂറ്റന്‍ വിജയം
ICC Women's World Cup
സൂര്യയ്ക്കും സംഘത്തിനും പിന്നാലെ ഹര്‍മനും സംഘവും; പാകിസ്ഥാനെതിരെ കൂറ്റന്‍ വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th October 2025, 10:57 pm

ഐ.സി.സി ഏകദിന വനിതാ ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 88 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 159ന് പുറത്തായി. ക്രാന്തി ഗൗഡിന്റെയും ദീപ്തി ശര്‍മയുടെയും ബൗളിങ് മികവിലാണ് ഇന്ത്യ വിജയിച്ചുകയറിയത്.

ഹസ്തദാന വിവാദത്തിന് പുറമെ ടോസടക്കം വിവാദമായ മത്സരത്തില്‍ പാക് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ആദ്യ വിക്കറ്റില്‍ മോശമല്ലാത്ത കൂട്ടുകെട്ടുണ്ടാക്കിയ ശേഷം സ്മൃതി മന്ഥാന 32 പന്തില്‍ 23 റണ്‍സ് നേടി പുറത്തായി. അധികം വൈകാതെ ഓപ്പണര്‍ പ്രതീക റാവലും (37 പന്തില്‍ 31) തിരിച്ചുനടന്നു.

പിന്നാലെയെത്തിയവര്‍ തങ്ങളുടേതായ സംഭാവനകള്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാന്‍ മൊമെന്റം നഷ്ടപ്പെടുത്താതെ പിടിച്ചുനിന്നു.

ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 65 പന്തില്‍ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ ഇന്നിങ്സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. 20 പന്ത് നേരിട്ട താരം പുറത്താകാതെ 35 റണ്‍സ് അടിച്ചെടുത്തു.

ജെമീമ റോഡ്രിഗസ് (37 പന്തില്‍ 32), ദീപ്തി ശര്‍മ (33 പന്തില്‍ 25) എന്നിവരാണ് ഇന്ത്യയുടെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

പാകിസ്ഥാനായി ദിയാന ബായ്ഗ് നാല് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഫാത്തിമ സന, സാദിയ ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും റമീന്‍ ഷമീം, നഷ്റ സന്ധു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. റിവ്യൂ എടുക്കുന്നതിലെ ഇന്ത്യയുടെ പിഴവും മുതലാക്കാന്‍ പാകിസ്ഥാന് സാധിച്ചില്ല.

ഓപ്പണര്‍മാര്‍ രണ്ട് പേരും ഒറ്റയക്കത്തിന് മടങ്ങിയെങ്കിലും വണ്‍ ഡൗണായെത്തിയ സിദ്ര അമീന്‍ ചെറുത്തുനിന്നു. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും സിദ്രയ്ക്ക് പിന്തുണയേതും ലഭിച്ചില്ല.

106 പന്ത് നേരിട്ട താരം 81 റണ്‍സ് നേടിയാണ് പുറത്തായത്. സിദ്ര ക്രീസിലുള്ള ഓരോ നിമിഷവും പാക് ആരാധകര്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. 40ാം ഓവറിലെ അഞ്ചാം പന്തില്‍ സ്‌നേഹ് റാണയ്ക്ക് വിക്കറ്റ് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

46 പന്തില്‍ 33 റണ്‍സടിച്ച നതാലിയ പര്‍വൈസാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡും ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. സ്‌നേഹ് റാണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ രണ്ട് പാക് താരങ്ങള്‍ റണ്‍ ഔട്ടായും മടങ്ങി.

 

Content Highlight: ICC Women’s World Cup: India defeated Pakistan