ന്യൂയോര്‍ക്ക്: ഇസ്രഈലിനെതിരായ യുദ്ധക്കുറ്റ ആരോപണങ്ങളിലെ അന്വേഷണം നിര്‍ത്തണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ ഭീഷണിപ്പെടുത്തി യു.എസ് വക്താവ്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന നിയമോപദേഷ്ടാവ് റീഡ് റൂബിന്‍സ്റ്റീനാണ് ഐ.സി.സിക്ക് മുന്നറിയിപ്പ് നല്‍കിയത്.
യു.എസിനും ഇസ്രഈലിനുമെതിരായ അന്വേഷണങ്ങളും അറസ്റ്റ് വാറണ്ടുകളും ഉപേക്ഷിച്ചില്ലെങ്കില്‍ വേണ്ടത് ചെയ്യുമെന്നും റീഡ് പറഞ്ഞു. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഐ.സി.സിയുടെ മേല്‍നോട്ട സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യു.എസ് വക്താവ്.
‘യു.എസിനും ഇസ്രഈലിനുമെതിരായ അന്വേഷണങ്ങളും അറസ്റ്റ് വാറണ്ടുകളും ഉപേക്ഷച്ചില്ലെങ്കില്‍ വേണ്ടത് ചെയ്യും. എന്റെ മേശപ്പുറത്ത് ഇരിക്കുന്ന ഫയലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഐ.സി.സിയുടെ കടന്നുകയറ്റത്തെ തടയാനുള്ള എല്ലാ നയതന്ത്ര, രാഷ്ട്രീയ, നിയമ ഉപകരണങ്ങളും യു.എസ് ഉപയോഗിക്കും,’ അമേരിക്കന്‍ വക്താവ് പറഞ്ഞു.
ഐ.സി.സി അതിന്റെ അധികാരം തെറ്റായി ഉപയോഗിച്ചുവെന്നും റൂബിന്‍സ്റ്റീന്‍ ആരോപിച്ചു. ഈ ദുരുപയോഗം യു.എസിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നും റൂബിന്‍സ്റ്റീന്‍ പറഞ്ഞു.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരായ ഉപരോധത്തെ കുറിച്ചും യു.എസ് വക്താവ് പരാമര്‍ശിച്ചു. യു.എസിന്റെ ആവശ്യം അംഗീകരിക്കാത്തിടത്തോളം തന്റെ ഫയല്‍ ഈ മേശപ്പുറത്ത് തന്നെ തുടരുമെന്നും റീഡ് റൂബിന്‍സ്റ്റീന്‍ ഭീഷണിപ്പെടുത്തി.
ഐ.സി.സിയുടെ അധികാരപരിധി വിപുലീകരിക്കുന്നതിനായി സ്ഥാപക ഉടമ്പടിയായ റോം സ്റ്റാറ്റിയൂട്ടില്‍ വരുത്താവുന്ന ഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ് യു.എസ് വക്താവിന്റെ ഭീഷണി. നിലവില്‍ 125 രാജ്യങ്ങളാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിധിയിലുള്ളത്.
എന്നാല്‍ അമേരിക്കയും ഇസ്രഈലും റോം സ്റ്റാറ്റിയൂട്ടില്‍ കക്ഷികളല്ല. എന്നിരുന്നാലും ഒരു നിരീക്ഷകനെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ റോം സ്റ്റാറ്റിയൂട്ടില്‍ ഐ.സി.സിയുടെ ക്ഷണം ലഭിച്ചിരുന്നു. ഈ യോഗത്തിലാണ് ഐ.സി.സിക്കെതിരെ യു.എസ് പ്രതിനിധി ഭീഷണി മുഴക്കിയത്.
അതേസമയം ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച രണ്ട് ജഡ്ജിമാര്‍ അടക്കം നാല് പേര്‍ക്കെതിരെയാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്.
അമേരിക്കന്‍ ഉപരോധം നേരിട്ട മറ്റ് രണ്ട് ജഡ്ജിമാര്‍ അഫ്ഗാനിസ്ഥാനിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടവരായിരുന്നു.
Content Highlight: ICC investigations against US and Israel should be abandoned; US spokesperson threatens