തമിഴിൽ അഭിനയിക്കാനിഷ്ടം ആ സംവിധായകരുടെ സിനിമയിൽ: നിഖില വിമൽ
Indian Cinema
തമിഴിൽ അഭിനയിക്കാനിഷ്ടം ആ സംവിധായകരുടെ സിനിമയിൽ: നിഖില വിമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th August 2025, 6:53 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമല്‍. സന്ത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമ അഭിനയം ആരംഭിച്ച നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ നിഖിലക്ക് സാധിച്ചിരുന്നു. ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നിഖില നായികയായി എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കാൻ നിഖിലക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ തമിഴില്‍ ഏതൊക്കെ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നിഖില വിമല്‍.

‘ഒട്ടെറെ സംവിധായകർ പട്ടികയിലുണ്ട്. തമിഴില്‍ ഞാന്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. മണിരത്‌നം, രാജുമുരുകന്‍, മിഷ്‌കിന്‍, നലന്‍കുമാര സ്വാമി, പാ. രഞ്ജിത്ത്, സാര്‍ത്തിക് സുബ്ബരാജ് എന്നിങ്ങനെ ലിസ്റ്റ് നീളും. എല്ലാവര്‍ക്കൊപ്പവും ജോലി ചെയ്യണമെന്നാണ് ആഗ്രഹം,’ നിഖില പറയുന്നു.

ഭക്ഷണപ്രിയ ആണോ എന്ന ചോദ്യത്തിനോടും നിഖില പ്രതികരിച്ചു.

‘ഞാന്‍ ഭക്ഷണപ്രിയ തന്നെയാണ്. ഷൂട്ടിങ്ങിന് പോകുന്ന സ്ഥലങ്ങളില്‍ അവിടുത്തെ സ്‌പെഷ്യല്‍ എന്താണോ അത് അന്വേഷിച്ച് ചെന്ന് വാങ്ങി കഴിക്കും. ‘വാഴൈ‘യുടെ ഷൂട്ടിങ് നടക്കുമ്പോള്‍ സെറ്റില്‍ തിരുനെല്‍വേലി ഹല്‍വ വാങ്ങിച്ചുതിന്നു,’ നിഖില വിമല്‍ പറയുന്നു.

അതിന്റെ രുചി പറഞ്ഞറിയിക്കാന്‍ വയ്യെന്നും താന്‍ അത് ഒരുപാട് വാങ്ങിച്ച് വീട്ടിലുള്ളവര്‍ക്കും അയല്‍ പക്കക്കാര്‍ക്കും ഫ്രണ്ട്‌സിനുമൊക്കെ കൊടുത്തുവെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

കാശിയില്‍ ഷൂട്ടിങ് പോയെന്നും അവിടുത്തെ ഒരു ഹോട്ടലിലെ സ്‌പെഷ്യല്‍ പൊറോട്ടയും മട്ടന്‍ ചോപ്‌സുമായിരുന്നുവെന്നും നടി പറഞ്ഞു. വളരെ രുചികരമായിരുന്നു ആ ഭക്ഷണമെന്നും അവിടേയും ഇടയ്ക്കിടയ്ക്ക് പോയി കഴിക്കുമായിരുന്നെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

‘ചെന്നൈയിലും എനിക്ക് ഇഷ്ടപ്പെട്ട നാലഞ്ച് റെസ്റ്റോറന്റുകളുണ്ട്. അവിടെ പോയി ഭക്ഷണം കഴിക്കുന്നതും പതിവാണ്,’ നിഖില വിമല്‍ പറഞ്ഞു. മഹിളാരത്നത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഖില വിമൽ.

Content Highlight: I would like to act in Tamil films by those directors says Nikhila Vimal