ദിവസങ്ങളോളം ഉറങ്ങാതെ ജോലി ചെയ്തു; സിനിമയിൽ ഇപ്പോഴും നിലനിൽക്കുന്നത് അതുകൊണ്ട്: മോഹൻലാൽ
Malayalam Cinema
ദിവസങ്ങളോളം ഉറങ്ങാതെ ജോലി ചെയ്തു; സിനിമയിൽ ഇപ്പോഴും നിലനിൽക്കുന്നത് അതുകൊണ്ട്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th September 2025, 7:46 am

നാല് പതിറ്റാണ്ടിലധികമായി മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് മോഹൻലാൽ. ഇത്രയും കാലത്തെ കരിയറിൽ മോഹൻലാൽ പകർന്നാടാത്ത വേഷങ്ങളില്ല. സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ല.

തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് അദ്ദേഹം. മോശം സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിൽ പഴികേൾക്കേണ്ടി വന്ന മോഹൻലാൽ അതിഗംഭീര തിരിച്ചുവരവ് നടത്തിയ വർഷം കൂടിയാണ് 2025. ഈ വർഷം ഹാട്രിക് ഹിറ്റുകൾ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒടുവിൽ പുറത്തിറങ്ങിയ ഹൃദയപൂർവ്വവും ഇതിനോടകം അമ്പത് കോടി നേടി കഴിഞ്ഞു. ഇപ്പോൾ പുതിയ കുട്ടികൾ പോലും തന്റെ സിനിമകൾ കാണുന്നതിനെക്കുറിച്ചും അതിലെ സംഭാഷണങ്ങൾ പറയുന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

‘ഇന്നത്തെ കുട്ടികൾക്ക് എല്ലാക്കാലത്തുമുള്ള സിനിമകൾ കാണാനുള്ള ഒരുപാട് പൊസിബിലിറ്റീസ് ഉണ്ട്. ഒരാളുടെ തന്തക്ക് വിളിച്ചപ്പോൾ സുഖം കിട്ടി എന്നൊക്കെയുള്ള ഡയലോ​ഗുകൾ പിൽക്കാലത്ത് പ്രസിദ്ധമായ സിറ്റുവേഷൻസ് ആയി മാറി. ഒരുപാട് പേർക്ക് എങ്ങനെ വേണമെങ്കിലും കാണാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് അത് രസകരമായിട്ട് മാറുന്നു.

എനിക്കങ്ങനെ പഴയത് പുതിയത് എന്നിങ്ങനെയൊന്നുമില്ല. പഴയത് എനിക്കറിയില്ല. പഴയ സിനിമകളിലെ മോഹൻലാൽ എന്നുവേണമെങ്കിൽ പറയാം. അല്ലാതെ പഴയ ലാലേട്ടൻ എന്നൊന്നില്ല,’ മോഹൻലാൽ പറയുന്നു.

പഴയ കാലത്തുള്ള സിനിമകളും ഇന്നത്തെ കാലത്തുള്ള സിനിമകളും എല്ലാം മാറിയെന്നും താൻ ക്യൂട്ട് ആയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും അത് പ്രേക്ഷകരാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിൽ ഒരുപാട് കോപ്രംമൈസുകൾ ചെയ്തതുകൊണ്ടാണ് ഇത്രയും വർഷം ഇവിടെ നിലനിന്ന് പോയതെന്നും ഒരു സൗകര്യവും ഇല്ലാത്ത സമയത്ത് തുടങ്ങിയതാണ് തങ്ങളുടെ സിനിമാജീവിതമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ദിവസങ്ങളോളം ഉറങ്ങാതെ ജോലി ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും അതുപോലെ വർക്ക് ചെയ്യാറുണ്ടെന്നും മോഹൻലാൽ പറഞ്ഞു. റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

Content Highlight: I worked without sleeping for days; that’s why I still exist in the cinema: Mohanlal