രാഷ്ട്രീയത്തിലേക്കില്ല, ആ സമയം കഴിഞ്ഞു; സിനിമയാണ് എന്റെ ജീവിതമാര്‍ഗം: മോഹന്‍ലാല്‍
Malayalam Cinema
രാഷ്ട്രീയത്തിലേക്കില്ല, ആ സമയം കഴിഞ്ഞു; സിനിമയാണ് എന്റെ ജീവിതമാര്‍ഗം: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th September 2025, 8:58 am

താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയാണ് തന്റെ ജീവിത മാര്‍ഗമെന്നും വ്യക്തമാക്കി മോഹന്‍ലാല്‍.

താന്‍ പല കാര്യങ്ങളിലും മൗനം പാലിക്കുന്നത് അത് ആയുധമാക്കിയത് കൊണ്ടല്ല മറിച്ച് സമീപനമാണെും അദ്ദേഹം പറഞ്ഞു. ദാദസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം വാങ്ങാൻ ദൽഹിയെത്തിയപ്പോഴായിരുന്നു മോഹൻലാലിൻറെ പ്രതികരണം.

‘മൗനം ആയുധമല്ല. അതൊരു സമീപനമാണ്. എനിക്കാരോടും മത്സരിക്കേണ്ട കാര്യമില്ല. എന്താണ് എന്റെ സോഷ്യല്‍ കമ്മിറ്റ്മെന്റ്? എനിക്ക് കിട്ടുന്ന ജോലി ഭംഗിയായിട്ട് ചെയ്യുക എന്നതാണ്. ജയപരാജയങ്ങള്‍ എന്റെ ചിന്തയില്‍ വരുന്ന കാര്യങ്ങളല്ല. സിനിമകള്‍ ജയിക്കാം, പരാജയപ്പെടാം. അതൊരു സിസ്റ്റത്തിന്റെ ഭാഗമാണ്. മോഹന്‍ലാല്‍ അഭിനയിച്ചിട്ട് ആ സിനിമ വൃത്തികേടായിപ്പോയി എന്നുപറഞ്ഞു കഴിഞ്ഞാല്‍ ഞാനതിന് ഉത്തരവാദിയാണ്. അങ്ങനത്തെ സിനിമകളും ഉണ്ടാകും,’ മോഹന്‍ലാല്‍ പറയുന്നു.

AMMA സംഘടനയായതുകൊണ്ടാണ് എല്ലാവരും നോക്കിക്കാണുന്നതെന്നും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണ് AMMA എന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സംഘടനയാണെന്നും ചെറിയ ഗ്രൂപ്പിനെ ഏറ്റവും നന്നായിട്ട് പ്രൊട്ടക്ട് ചെയ്യാന്‍ നോക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ ചെറിയ സ്വരക്കേടുകള്‍ ഉണ്ടാകുമെന്നും സിനിമയായതുകൊണ്ട് അത് വലിയ വാര്‍ത്തയായി മാറിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

രാഷ്ട്രത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചറിയാം. തനിക്കങ്ങനെ പ്രത്യേകിച്ച് കക്ഷി- രാഷ്ട്രീയമില്ല. പിന്നെ ഇതിനൊരു സമയമുണ്ട്. ആ സമയം കഴിഞ്ഞുവെന്നാണ് താന്‍ വിശ്വസിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അതിനെക്കുറിച്ച് നല്ല ധാരണകള്‍ വേണം. ബോധം വേണം, അതിനെക്കുറിച്ച് പഠിക്കണം. തത്കാലം സിനിമയാണ് തൻറെ ജീവിത മാര്‍ഗമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം മോഹന്‍ലാല്‍ ഇന്നലെ ഏറ്റുവാങ്ങി. തന്റെ സംസ്ഥാനത്ത് നിന്ന് ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെയാളും ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാകാന്‍ ഭാഗ്യവും ലഭിച്ചെന്നും അദ്ദേഹം പുരസ്‌കാര വേദിയില്‍ പറഞ്ഞിരുന്നു. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും മുഴുവന്‍ മലയാള സിനിമയുടേതാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: I won’t be going into politics, cinema is my way of life says Mohanlal