ഇനി ആ തസ്തികയിലേക്കില്ല: കൂടൽമാണിക്യത്തിലെ ജാതി വിവേചനത്തിൽ ബാലു
Kerala News
ഇനി ആ തസ്തികയിലേക്കില്ല: കൂടൽമാണിക്യത്തിലെ ജാതി വിവേചനത്തിൽ ബാലു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th March 2025, 8:12 am

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനാകാൻ താൻ ഇനിയില്ലെന്ന് ജാതിവിവേചനം നേരിട്ട ബാലു. താൻ കാരണം ക്ഷേത്രത്തിൽ ഒരു പ്രശ്നം ഉണ്ടാകേണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആ തസ്കികയിലേക്ക് ഇനിയില്ല. ഇത് എൻ്റെ മാത്രം തീരുമാനം അല്ല, കുടുംബവും ചേർന്ന് എടുത്ത തീരുമാനമാണ്. തന്ത്രിമാർ എന്നെ ബഹിഷ്കരിച്ചത് ഞാനറിഞ്ഞിരുന്നില്ല. വർക്കിങ് അറേഞ്ച്മെൻ്റ് വന്നപ്പോഴാണ് ഞാൻ ഇത് ശ്രദ്ധിക്കുന്നത്. തന്ത്രിമാരെയൊന്നും ഞാൻ കണ്ടിരുന്നില്ല. ഉത്തരവ് വന്നപ്പോഴാണ് തന്ത്രിമാർ എന്നെ ബഹിഷ്കരിച്ചത് അറിയുന്നത്. മുമ്പ് ജോലി ചെയ്തിരുന്ന തിരുവതാകൂർ തികച്ചും വ്യത്യസ്ഥമായിരുന്നു. അവിടുത്തെ അവസ്ഥയല്ല ഇവിടെയുള്ളത്.

നിലവിൽ ഈ തസ്തികയിൽ ഒരു ക്ഷേത്രത്തിലേക്കുമില്ല എന്നാണ് തീരുമാനം. ഇനി ഉത്സവങ്ങളുടെ സമയമാണ്. തന്ത്രിമാർ ചടങ്ങുകളിലൊക്കെ സ്ഥിരമായി ഉണ്ടാകും, അപ്പോഴും തന്ത്രിമാർ ഈ സമീപനം തുടർന്നാൽ അത് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കും. പിന്തുണച്ച എല്ലാവർക്കും നന്ദി,’ അദ്ദേഹം പറഞ്ഞു.

പതിനേഴാം തീയതി തിരികെ ജോലിയിൽ പ്രവേശിക്കുമെന്നും വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി തന്ന ഓഫീസ് ജോലി ചെയ്തോളാമെന്നും ബാലു വ്യക്തമാക്കി.

ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് ഏഴ് വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടുനിന്നു. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം. പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കേണ്ടതിനാൽ ഏഴാം തീയതി ഭരണസമിതി ചർച്ച വിളിച്ചു. തുടർന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. കൊച്ചിൻ ദേവസ്വം കമീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.

അതേസമയം ജാതിയുടെ പേരിൽ വ്യക്തികളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

‘കൂടൽമാണിക്യം ദേവസ്വം കെ.ഡി.ആർ.ബി നിയമിക്കുന്ന ഏതൊരു വ്യക്തിയെയും ആ പോസ്റ്റിലേക്ക് നിയമിച്ചിരിക്കും. നിയമം ആരുടെ കൂടെയാണോ അതിനൊപ്പം ഞങ്ങൾ നിൽക്കും. തന്ത്രിമാർക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ഒന്നുകിൽ കോടതിയെ സമീപിച്ച് അതിന് പരിഹാരമുണ്ടാക്കണം. അല്ലെങ്കിൽ സർക്കാരുമായി തീരുമാനിച്ച് പരിഹാരമുണ്ടാക്കണം. തന്ത്രിമാരുടെ ആവശ്യം ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റിക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല. സർക്കാരിന്റെ ഉത്തരവ് നടപ്പാക്കാനാണ് ഞങ്ങൾക്ക് അധികാരമുള്ളത്. ഏത് ഉദ്യോഗാർത്ഥി വന്നാലും അവർക്ക് എല്ലാ വിധ പരിരക്ഷയും ഞങ്ങൾ ഒരുക്കും,’ ഇരിങ്ങാലക്കുട ദേവസ്വം ചെയർമാൻ സി.കെ ഗോപി പറഞ്ഞു.

 

Content Highlight: I will not be in that position again: Balu on caste discrimination in Koodalamanikyam