എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും പരിഹസിച്ചു; മലയാളത്തിലെ ട്രോളുകൾ ക്രൂരമാണ്: മാളവിക മോഹനൻ
Entertainment
എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും പരിഹസിച്ചു; മലയാളത്തിലെ ട്രോളുകൾ ക്രൂരമാണ്: മാളവിക മോഹനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 8:51 am

മലയാളത്തിലെ സീനിയർ ഛായാഗ്രാഹകരിൽ ഒരാളായ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പട്ടം പോലെ. കെ. ഗിരിഷ് കുമാറാണ് ചിത്രത്തിന് രചന നിർവഹിച്ചത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിൽ മാളവികയായിരുന്നു നായിക. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക.

ഒരുപാട് പ്രതീക്ഷയുണ്ടായിരുന്ന സിനിമയായിരുന്നു പട്ടം പോലെ എന്ന ചിത്രമെന്നും തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തത് മമ്മൂട്ടിയായിരുന്നെന്നും മാളവിക പറയുന്നു.

എന്നാൽ സിനിമ തിയേറ്ററിൽ വിജയിച്ചില്ലെന്നും പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നെന്നും നടി പറഞ്ഞു.

സിനിമയിൽ നായിക ആകുമ്പോൾ ഒരുപാട് പേര് കൂടെയുണ്ടാകുമെന്നും എന്നാൽ പരാജയപ്പെടുമ്പോൾ എന്തുവേണമെന്ന് ആരും പറഞ്ഞുതരില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിലും തനിക്കെതിരെ ആക്രമണം നടന്നെന്നും തൻ്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും പരിഹസിച്ചുവെന്നും അവർ പറയുന്നു. തൻ്റെ ശരീരത്തെക്കുറിച്ച് പറയാൻ എന്താണ് അവകാശമെന്നും മലയാളത്തിലെ ട്രോളുകൾ ക്രൂരമാണെന്നും നടി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അവർ.

‘ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു ആ സിനിമയിൽ. ദുൽഖറിൻ്റെ നായിക, അച്ഛനെപ്പോലെ ഞാൻ ആദരിക്കുന്ന അഴകപ്പൻ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ ‘പട്ടം പോലെ‘ യിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി.

പക്ഷെ, സിനിമ തിയേറ്ററിൽ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയില്ലായിരുന്നു.

സിനിമയിൽ നായിക ആകുമ്പോൾ ആവേശത്തോടെ ഒരുപാട് പേർ ഒപ്പമുണ്ടാകും. പക്ഷേ, പരാജയപ്പെടുമ്പോൾ എന്തുവേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് അറിയണം. വേറെ ഏതു ജോലിയിലും കുഴപ്പങ്ങളുണ്ടായാൽ ചുരുക്കം പേരെ അറിയൂ. അതെല്ലാം ‘പ്രൈവറ്റ്’ പരാജയങ്ങളാണ്. പക്ഷേ, ഒരു സിനിമ വീണുപോയാൽ അതൊരു ‘പബ്ലിക്’ പരാജയം ആണ്.

സോഷ്യൽ മീഡിയയും വെറുതെ ഇരുന്നില്ല. വലിയ ആക്രമണം നടന്നു. മറ്റ് സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തിൽ തൊലി വെച്ചു പിടിപ്പിച്ച പോലെ എന്നുവരെ കമന്റുകൾ വന്നു. എൻ്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം,’ മാളവിക പറയുന്നു.

Content Highlight: I was mocked for my skin tone and body; Malayalam trolls are cruel says Malavika Mohanan