വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ് സീരീസിലെ ഗൗരി എന്ന കഥാപാത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഗൗരി കിഷന്‍.
96, മാസ്റ്റര്‍, അനുഗ്രഹീതന്‍ ആന്റണി തുടങ്ങി തമിഴിലും മലയാളത്തിലുമായി മികച്ച ചില പ്രൊജക്ടുകളുടെ ഭാഗമാകാന്‍ ഗൗരിയ്ക്ക് സാധിച്ചിട്ടുണ്ട്.
മലയാളത്തിലെ തന്റെ ആദ്യ സിനിമ അനുഗ്രഹീതന്‍ ആന്റണി ആണെന്നും എന്നാല്‍ സിനിമയുടെ റിലീസ് വൈകിയതുകൊണ്ട് മാത്രമാണ് താന്‍ ഒരു കാമിയോ റോള്‍ ചെയ്ത മാര്‍ഗംകളി എന്ന ചിത്രം ആദ്യ റിലീസായി എത്തിയതെന്നും ഗൗരി പറയുന്നു.
മാര്‍ഗംകളി എന്ന ചിത്രത്തിലേക്ക് താന്‍ എത്തുന്നത് ചെറിയ ചില തെറ്റിദ്ധാരണകളുടെ പേരിലാണെന്നും ഗൗരി പറയുന്നു.
വലിയ ചില സംവിധായകരുടെ പേരൊക്കെ പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ഗൗരി കിഷന്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ആരേയും മോശക്കാരാക്കാന്‍ വേണ്ടിയല്ല താന്‍ ഇതു പറയുന്നതെന്നും താരം പറഞ്ഞു.
ചെയ്ത സിനിമകളിലോ വര്‍ക്കുകളിലോ റിഗ്രറ്റ് തോന്നിയ ഏതെങ്കിലും കാര്യങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഗൗരിയുടെ മറുപടി.
‘ ഞാന്‍ ഇത് ഭയങ്കര ഫ്രാങ്ക് ആയി പറയുകയാണ്. ആ ഒരു ടീമിനെ വേദനിപ്പിക്കാനോ അല്ലെങ്കില്‍ അവരെ ഡിസ് റെസ്‌പെക്ട് ചെയ്യാനോ അല്ല. എന്റെ ഒരു അറിവില്ലായ്മ, അല്ലെങ്കില്‍ ഞാന്‍ മിസ് ഗൈഡ് ചെയ്യപ്പെട്ടു എന്ന് എനിക്ക് ഫീല്‍ ചെയ്തു.
അനുഗ്രഹീതന്‍ ആന്റണി ചെയ്തുകൊണ്ടിരുന്ന സമയത്ത് അതിന്റെ റിലീസ് കുറച്ച് ഡിലേ ആയിക്കൊണ്ടിരിക്കുന്ന സമയത്താണ് മാര്‍ഗംകളി എന്ന സിനിമയിലെ ചെറിയൊരു റോള്‍ വന്നത്.
അവര്‍ പറഞ്ഞത് വലിയ ചിലപേരുകളാണ്. അല്‍ഫോണ്‍സ് പുത്രന്‍ പോലുള്ള ചില വലിയ പേരുകള്‍ ഉപയോഗിച്ചിരുന്നു. എന്റെ കോളേജ് നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു.
പ്രേമം കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ ചെയ്യുന്ന പടമാണെന്ന് കേട്ടപ്പോള്‍ എക്‌സൈറ്റഡായി. നരേഷന്റെ സമയത്താണെങ്കിലും അതെ. പക്ഷേ വന്നപ്പോഴാണ് മനസിലായത് അങ്ങനെ ഒരു ഡിസ്റ്റന്റ് റിലേഷന്‍ ആര്‍ക്കോ ആ സെറ്റില്‍ ഉണ്ടായിരുന്നതല്ലാതെ വേറെ ഒന്നുമില്ലെന്ന്.
അത് വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. ഒരു പാട്ടില്‍ മാത്രമാണ് ഞാനുള്ളത്. ആര്‍ക്കും ഓര്‍ത്തിരിക്കാന്‍ പറ്റിയ ക്യാരക്ടറാണെന്ന് തോന്നിയില്ലായിരുന്നു. എനിക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂ.
അത് ഞാന്‍ ആലോചിക്കാറുണ്ട്. ഇപ്പോഴും ഗൗരിയുടെ ആദ്യ പടം മാര്‍ഗംകളി ആണെന്ന് പറയുന്നവരോട് ഞാന്‍ പറയാറുണ്ട് അനുഗ്രഹീതന്‍ ആന്റണി ആണ് ആദ്യ പടമെന്ന്.
മാര്‍ഗംകളിയില്‍ കാമിയോ റോള്‍ ആയിരുന്നു. ആദ്യം റിലീസ് ആയി എന്നതുകൊണ്ട് അത് പറയേണ്ട എന്ന് എനിക്ക് ആഗ്രഹം ഉണ്ട്,’ ഗൗരി പറയുന്നു.
Content Highlight: I was misled into being a part of that project, says Actress Gauri Kishan