'പറഞ്ഞിരുന്നെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞേനെ, പിതാവിന്റെ ഓര്‍മ ദിവസം അപമാനിച്ച് പുറത്താക്കി': ചാണ്ടി ഉമ്മന്‍
Kerala
'പറഞ്ഞിരുന്നെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞേനെ, പിതാവിന്റെ ഓര്‍മ ദിവസം അപമാനിച്ച് പുറത്താക്കി': ചാണ്ടി ഉമ്മന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th October 2025, 3:55 pm

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ അപമാനിച്ച് പുറത്താക്കിയെന്ന ആരോപണവുമായി ചാണ്ടി ഉമ്മന്‍. ഒരു ചോദ്യം പോലും ചോദിക്കാതെ തന്നെ സ്ഥാനത്ത് നിന്നും പുറത്താക്കി.

നേരത്തെ പറഞ്ഞിരുന്നെങ്കില്‍ താന്‍ തന്നെ രാജിവെച്ച് ഒഴിഞ്ഞേനെയെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിതാവിന്റെ ഓര്‍മ ദിവസം തന്നെ സ്ഥാനത്ത് നിന്നും പുറത്താക്കിയത് തനിക്ക് ഒരുപാട് മാനസിക വിഷമമുണ്ടാക്കിയെന്നും പാര്‍ട്ടിയുടെ തീരുമാനത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു.

തന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. അപ്പോഴും പാര്‍ട്ടിയുടെ തീരുമാനം എന്നാണ് പറഞ്ഞത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാര് എന്ന് പിന്നീട് പറയാമെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു വിവാദത്തിനുമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് മാധ്യമങ്ങളെ കാണുകയായിരുന്നു ചാണ്ടി ഉമ്മന്‍.

അബിന്‍ വര്‍ക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണെന്നും വിഷയത്തില്‍ സ്വാഭാവിക നീതിയുണ്ടായില്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ഒ.ജെ. ജനീഷ് ഈ സ്ഥാനത്തിന് അര്‍ഹനാണ്. അബിന്‍ വര്‍ക്കിക്ക് സ്വാഭാവിക വിഷമമുണ്ടാകും. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്നും അബിന്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അബിന്‍ പതിറ്റാണ്ടുകളായി പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്ന നേതാവാണ്. അര്‍ഹതയുള്ള വ്യക്തിയാണ്. താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചുവന്ന നേതാവാണ്. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് വേണമായിരുന്നു തീരുമാനമെടുക്കാനെന്നും പാര്‍ട്ടിയെടുത്ത തീരുമാനത്തിലെ മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

Content Highlight: I was insulted and fired on my father’s memorial day’: Chandy Oommen