മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന തിരിച്ചുവരവായിരുന്നു മഹാനടൻ മമ്മൂട്ടിയുടേത്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം സിനിമയിൽ നിന്നും പൊതുമധ്യത്തിൽ നിന്നും വിട്ടുനിന്ന് പരിപൂർണ വിശ്രമത്തിലായിരുന്നു അദ്ദേഹം. അടുത്തിടെ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങൾ മാറിയെന്നും തിരിച്ചുവരികയാണെന്നുമുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു.
മമ്മൂട്ടിയുടെ സന്തത സഹചാരി ജോർജും നിർമാതാവ് ആന്റോ ജോസഫുമാണ് ഇക്കാര്യം ആദ്യം പുറത്ത് വിട്ടത്. പിന്നാലെ ഇക്കാര്യം ഏവരും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് അജയ് വാസുദേവ്.
‘മമ്മൂക്കയെപ്പോലൊരാൾക്ക് അസുഖം വരുമെന്ന് പറഞ്ഞാൽ ആർക്കും പെട്ടെന്നങ്ങോട്ട് അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല. അങ്ങനെയാണല്ലോ പുള്ളിയുടെ ജീവിത രീതിയും ഡയറ്റും ഒക്കെ.
അങ്ങനെ ജീവിക്കുനന്ന ഒരാൾക്ക് അസുഖം വരും എന്നുപറയുമ്പോൾ നമ്മളെല്ലാവരും തകർന്ന് പോയി. ഈ വിവരം കേട്ട എല്ലാവരുടെയും ഒരു പ്രാർത്ഥന ഉണ്ടായിരുന്നു.
അതിന്റെ ഒക്കെ ഫലത്തിലാണ് പുള്ളി തിരിച്ചുവന്നിരിക്കുന്നത്. കുറച്ച് ദിവസം മുമ്പ് എന്റെ കൂടെ വർക്ക് ചെയ്തിരുന്ന അസോസിയേറ്റ് ഡയറക്ടറുമായിട്ട് സംസാരിക്കുകയായിരുന്നു. പുള്ളിയും മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാനാള്ള ആരംഭ ഘട്ടത്തിലാണ്,’ അജയ് വാസുദേവ് പറയുന്നു.
ആ സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് അസുഖ വിവരം അറിയുന്നതെന്നും കുറച്ച് മാസങ്ങൾ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരെല്ലാവരും ഇമോഷണലി ആണ് കാര്യങ്ങൾ പറയുന്നതെന്നും എന്തോ ദൈവ ഭാഗ്യം കൊണ്ട് അടുത്ത ദിവസം മമ്മൂട്ടി തിരിച്ചുവന്നെന്നും അജയ് വാസുദേവ് പറയുന്നു.
ഒരു പ്രശ്‌നവുമില്ലാതെ പൂർണമായും അസുഖം മാറിയെന്ന വാർത്ത കേട്ടപ്പോൾ പ്രാർത്ഥിച്ച എല്ലാവരും ഹാപ്പിയായെന്നും സോഷ്യൽ മീഡിയ വഴി ആ വാർത്ത പങ്കുവെച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു വലിയ രോഗമാണ്. ഇതുവന്നുകഴിഞ്ഞാൽ ഇനിയൊരു തിരിച്ച് വരവുണ്ടാകില്ലെന്ന് പറയുന്നവർക്കുള്ള ഒരു മെസേജ് കൂടിയാണ് മമ്മൂട്ടിയുടെ കാര്യമെന്നും അജയ് വാസുദേവ് കൂട്ടിച്ചേർത്തു.