പരാജയം രുചിക്കുന്ന, തോറ്റ നായകനായി ലാലിനെ സിനിമ വാർത്തെടുത്തു: സിബി മലയിൽ
Malayalam Cinema
പരാജയം രുചിക്കുന്ന, തോറ്റ നായകനായി ലാലിനെ സിനിമ വാർത്തെടുത്തു: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th October 2025, 8:57 am

മലയാളത്തിലെ പ്രമുഖ സംവിധായകരിലൊരാളാണ് സിബി മലയിൽ. കിരീടം, ദേവദൂതൻ, ചെങ്കോൽ, കമലദളം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിങ്ങനെ മോഹൻലാലും ഒന്നിച്ച് ഒരുപിടി നല്ല സിനിമകൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.

‘നവോദയയുടെ മുറ്റത്ത് എത്തിയപ്പോൾ മുതൽ ഞാൻ ലാലിനെ ശ്രദ്ധിച്ചിട്ടുണ്ട്. ഇയാൾ നടന്നുകയറിയത് മലയാള സിനിമയിലേക്കാണല്ലോ എന്ന തോന്നൽ അപ്പോൾ എനിക്കുണ്ടായി. പക്ഷെ, ആ നടത്തം ചരിത്രത്തിലേക്ക് കൂടിയാണെന്ന് ഞാൻ സങ്കൽപ്പിച്ചിരുന്നില്ല. പിന്നെ ലാലിന് ഇടവേളകൾ ഉണ്ടായിട്ടില്ല, ശേഷം അയാൾ വിശ്രമിച്ചിട്ടില്ല എന്നും എനിക്ക് തോന്നുന്നു.

രാജാവിന്റെ മകൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ താരപദവിയിലേക്കെത്തുന്ന ലാലിനെയാണ് പിന്നെ ഞാൻ കാണുന്നത്. കിരീടത്തിന്റെ പ്രാരംഭ ചിന്തയിൽപ്പോലും എന്റെയും ലോഹിയുടെയും മനസിൽ ലാൽ മാത്രമാണ് ഉണ്ടായിരുന്നത്. തനിയാവർത്തനത്തിൽ ലോഹി തുടക്കമിട്ട, തോൽവിയറിഞ്ഞ നായകന്റെ കഥയ്ക്ക് തുടർച്ചകൾ ഉണ്ടാവുകയായിരുന്നു.

താരപദവിയുടെ ഉന്നതിയിൽനിന്ന്, ക്ലൈമാക്‌സിലെ കൈയടികളുടെ ആരവങ്ങളിൽ നിന്ന് പരാജയം രുചിക്കുന്ന, തോറ്റ നായകനായി ലാലിനെ സിനിമ വാർത്തെടുക്കുകയാണ്. ആ കാലത്തിന്റെ നായകസങ്കല്പത്തിന് തിരുത്ത് സാധ്യമായിരുന്നു,’ സിബി മലയിൽ പറയുന്നു.

മോഹൻലാലിന്റെ കരിയറിലും ഇടർച്ചകൾ ഉണ്ടായിട്ടുണ്ട്. വിമർശനങ്ങളും പഴികളും അദ്ദേഹത്തിനും കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, എത്ര ശക്തമായാണ് ഓരോ തവണയും അയാൾ തിരിച്ചുവന്നിട്ടുള്ളത്. ഓരോ തിരിച്ചിറക്കങ്ങളും അടുത്ത കയറ്റത്തിനുള്ള ഊർജമാണെന്ന് മോഹൻലാലിന് അറിയാമെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

സദയം എന്ന ചിത്രം മോഹൻലാലിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു. അത് അംഗീകരിക്കപ്പെടാതെ പോയപ്പോൾ വിഷമം തോന്നി. ദശരഥവും പരിഗണിക്കപ്പെടാതെപോയി. 1989 മോഹൻലാലിന്റെ സിനിമാജീവിതത്തിൽ ഒട്ടേറെ നാഴികക്കല്ലുകൾ പിറന്ന വർഷമായിരുന്നു. എന്നിട്ടും ആ അഭിനയമികവ് എവിടെയും അംഗീകരിക്കപ്പെടാതെ പോയി. തൊട്ടടുത്തവർഷം ഭരതത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മോഹൻലാൽ സ്വന്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: I’ve been paying attention to Lal since I arrived at Navodaya says Sibi Malayil