സംവിധായകന്‍ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. സഹ സംവിധായകനായി പ്രവർത്തിച്ച് 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായി എത്തിയ കാഴ്ച എന്ന ആ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയും നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ബ്ലെസി.
മമ്മൂട്ടിയോട് കാഴ്ചയുടെ കഥ പറഞ്ഞപ്പോള്‍ ആരാണ് എഴുതുക എന്ന് ചോദിച്ചെന്നും അപ്പോള്‍ താന്‍ ഓരോരുത്തരുടെയും പേര് പറഞ്ഞെന്നും ബ്ലെസി പറയുന്നു.
എന്നാല്‍ താന്‍ പറഞ്ഞ പേരുകളിലൊന്നും മമ്മൂട്ടി ഓക്കെ ആയിരുന്നില്ലെന്നും അപ്പോള്‍ തനിക്ക് ടെന്‍ഷന്‍ കൂടി വന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്പോള്‍ മമ്മൂട്ടി തന്നോട് തന്നെ കഥ എഴുതാന്‍ പറഞ്ഞെന്നും പറ്റില്ലെന്ന് പറയാന്‍ പറ്റാത്തതുകൊണ്ട് താന്‍ ഓക്കെ പറഞ്ഞുവെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി ഡേറ്റ് തന്നപ്പോഴും സ്‌ക്രിപ്റ്റ് ആയില്ലെന്നും എന്ത് ചെയ്യുമെന്ന് ആശങ്കയുണ്ടായെന്നും ബ്ലെസി പറയുന്നു. ഒരു മാസത്തിനുള്ളില്‍ സിനിമ ഷൂട്ട് ചെയ്യണമെന്ന ഘട്ടത്തിലാണ് റൂം എടുത്ത് കാഴ്ചയുടെ കഥ എഴുതിതുടങ്ങിയതെന്നും അദ്ദേഹം പറയുന്നു.
അഞ്ച് ദിവസം കൊണ്ടാണ് താന്‍ കാഴ്ചയുടെ ഫസ്റ്റ് ഹാഫ് എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ബ്ലെസി.
‘മമ്മൂക്കയോട് ഒറ്റ ഇരിപ്പിനാണ് കഥ പറഞ്ഞത്. അപ്പോള്‍ മമ്മൂക്ക ചോദിച്ചു ‘ആരാ എഴുതുക’ എന്ന്. ഞാന്‍ ഓരോരുത്തരുടെയും പേര് പറഞ്ഞു. എന്നാല്‍ ഓരോ പേര് പറയുമ്പോഴും ഇഷ്‌പ്പെടാതെ വന്നപ്പോള്‍ ടെന്‍ഷന്‍ കൂടി. അപ്പോള്‍ എന്റെ അടുത്ത് മമ്മൂക്ക പറഞ്ഞു ‘നീ എന്നോട് പറഞ്ഞപോലെ തന്നെ എഴുത്’ എന്ന്. പറ്റത്തില്ലെന്ന് എനിക്ക് പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ അവിടെ നിന്നും ഇറങ്ങി.
മമ്മൂക്ക ഡേറ്റ് തരികയും ചെയ്തു. വളരെ പെട്ടെന്നാണ് ഡേറ്റ് തന്നത്. അപ്പോള്‍ ഡേറ്റ് ആയി പക്ഷെ, സ്‌ക്രിപ്റ്റ് ഇല്ല. അങ്ങനെ എന്ത് ചെയ്യുമെന്ന് വലിയൊരു ആശങ്കയുണ്ടായി. ഒരു മാസത്തിനുള്ളില്‍ സിനിമ ഷൂട്ട് ചെയ്യണം. പക്ഷെ സ്‌ക്രിപ്റ്റ് ആയിട്ടില്ലെന്ന് പറയുന്ന ഘട്ടത്തിലാണ് പെട്ടെന്ന് ഞാന് ഒരു റൂം എടുത്ത് എഴുതാന്‍ തുടങ്ങിയത്. അതൊരു തുടക്കമായിരുന്നു. എനിക്ക് തോന്നുന്നു അഞ്ച് ദിവസം കൊണ്ടൊക്കെ ഫസ്റ്റ് ഹാഫ് എഴുതിക്കഴിഞ്ഞു. ആ കഥ ഒഴുക്ക് പോലെ വന്നു. അങ്ങനെയാണ് കാഴ്ച സംഭവിക്കുന്നത്,’ ബ്ലെസി പറയുന്നു.
Content Highlight: I told Mammootty the story of Kazhcha; then he replied says Blessy