വ്യത്യസ്തമായ ആശയമാണ് ഹൈലൈറ്റ്, ചർച്ചയായി മാറുമെന്ന് തോന്നിയിരുന്നു: സംഗീത ശ്രീകാന്ത്
Malayalam Cinema
വ്യത്യസ്തമായ ആശയമാണ് ഹൈലൈറ്റ്, ചർച്ചയായി മാറുമെന്ന് തോന്നിയിരുന്നു: സംഗീത ശ്രീകാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th July 2025, 8:32 pm

മോഹന്‍ലാലിനെ വെച്ച് പ്രകാശ് വര്‍മ ഒരുക്കിയ പരസ്യം ഇന്ന് സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്ങിലാണ്. സ്‌ത്രൈണത കാണിച്ചുതന്ന പരസ്യം ഏവരും ഏറ്റെടുത്തു. എല്ലാവരും മോഹന്‍ലാല്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചു. ആ പരസ്യം ഇത്രത്തോളം പ്രേക്ഷകർ ഏറ്റെടുക്കാൻ മറ്റൊരു കാരണം അതിലെ മ്യൂസിക് ആണ്. പരസ്യത്തിലെ സ്വാതിതിരുന്നാള്‍ കൃതിയിലെ ഗാനം ആലപിച്ചത് ഗായിക സംഗീത ശ്രീകാന്ത് ആയിരുന്നു. പരസ്യത്തെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണിപ്പോള്‍ സംഗീത ശ്രീകാന്ത്.

ആ പരസ്യചിത്രം ആളുകള്‍ സ്വീകരിച്ചുവെന്നും അത് ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും സംഗീത പറയുന്നു. അതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ബിജിബാല്‍ പറഞ്ഞുതന്നത് പോലെയാണ് താന്‍ പാടിയതെന്നും അവര്‍ പറഞ്ഞു. തനിക്ക് ഒത്തിരി ഇഷ്ടമുള്ള കര്‍ണാട്ടിക് സംഗീത പദമാണിതെന്നും സ്വാതികൃതികളില്‍ ഭാവത്തിന് പ്രസിദ്ധമാണിതെന്നും സംഗീത കൂട്ടിച്ചേര്‍ത്തു.

‘വ്യത്യസ്തമായ ആശയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അത് ഉള്‍ക്കൊണ്ടുകൊണ്ട് ലാല്‍സാര്‍ അതിമനോഹരമായി പകര്‍ന്നാടുകയും ചെയ്തു. മോഹന്‍ ലാല്‍ സാറിനെവെച്ച് പ്രകാശ് വര്‍മ ഒരുക്കുന്ന പരസ്യചിത്രം, അതുതന്നെയാണ് എന്നെയും ആവേശത്തിലാക്കിയത്,’ സംഗീത പറയുന്നു.

മോഹന്‍ലാലിന്റെ ഭാവപ്രകടനങ്ങള്‍ സ്‌ക്രീനില്‍ കണ്ടുകൊണ്ട് പാടുകയായിരുന്നുവെന്ന് പറഞ്ഞ സംഗീത ‘ഇത് ചര്‍ച്ചയായി മാറുമെന്ന് എനിക്ക് തോന്നിയിരുന്നു’ എന്നും കൂട്ടിച്ചേര്‍ത്തു.

വലിയൊരു പ്രോജക്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അടുത്ത് റിലീസായ മലയാള ചിത്രം ജങ്കാറിലാണ് അവസാനമായി പാടിയതെന്നും സംഗീത പറയുന്നു. സിനിമ റിലീസിന് ഒരുങ്ങുകയാണെന്നും ബിജിബാലിന്റെ സംഗീതത്തില്‍ മലയാളത്തില്‍ ഒരു പാട്ടുകൂടി പാടിയിട്ടുണ്ടെന്നും ഗായിക പറഞ്ഞു.

അടുത്തിടെ ചെയ്ത സ്വതന്ത്ര സംഗീതസംരംഭമായ ‘മായ ഗോപ ബാല’ എന്ന മ്യൂസിക് സിംഫണിക്ക് നല്ല പ്രതികരണങ്ങള്‍ കിട്ടുന്നുണ്ടെന്നും ഇനിയും ഇത്തരത്തിലുള്ള സംഗീതവീഡിയോകള്‍ ചെയ്യണമെന്നുണ്ടെന്നും സംഗീത കൂട്ടിച്ചേര്‍ത്തു.

സംഗീത ശ്രീകാന്ത്

ഛോട്ടാ മുബൈയിലെ പൂനിലാ മഴനനയും എന്ന പാട്ട് പാടിക്കൊണ്ട് സിനിമാ പിന്നണിയിലേക്ക് എത്തിയ ഗായികയാണ് സംഗീത ശ്രീകാന്ത്. പിന്നീട് നിരവധി സിനിമകളിൽ പാടിയ സംഗീത ശീമാട്ടി, നിറപറ തുടങ്ങിയ ഉത്പന്നങ്ങളുടെ പരസ്യത്തിലും പാടിയിട്ടുണ്ട്. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് സംഗീതയുടെ പങ്കാളി.

Content Highlight: I thought it would become a topic of discussion: Sangeetha Srikanth